തിരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. പുറത്തൂർ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് 5ന് വാടിക്കലിലാണ് സംഭവം.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ഒരു വാഹനത്തിന്റെ താക്കോലിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നു പറയുന്നു.
വാടിക്കലിൽ എത്തിയ തുഫൈലുമായി പ്രദേശത്തുള്ള ചിലർ ആദ്യം സംസാരിക്കുകയും പിന്നീടത് വാക്കുതർക്കമാവുകയുമായിരുന്നു. ഇതിനിടെയാണു കൂട്ടത്തിലൊരാൾ തുഫൈലിന്റെ വയറ്റിൽ കുത്തിയത്.
തുഫൈലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുപേരാണ് തുഫൈലുമായി സംസാരിച്ചിരുന്നതെന്നാണു വിവരം. മറ്റു പ്രതികൾക്കു വേണ്ടി പൊലീസ് വ്യാപകമായ അന്വേഷണത്തിലാണ്.
















