ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിർമ്മിക്കാൻ അനുമതി നൽകി ഇറ്റലി. 3.7 കിലോമീറ്റർ നീളത്തിലാണ് തൂക്കുപാലം നിർമ്മിക്കുക. നടുവിൽ ഒറ്റത്തൂൺ മാത്രമായിരിക്കും ഉണ്ടായിരിക്കുക. സിസിലിയുമായി ബന്ധിപ്പിച്ച് നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
തുർക്കിയയിലെ കനാക്കലെ പാലത്തിന്റെ പേരിലെ റെക്കോഡാകും ഇത് തിരുത്തുക. ശതകോടികൾ ചെലവിട്ട് 2032ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
47 ലക്ഷം ജനസംഖ്യയുള്ള സിസിലിയിൽനിന്ന് ഇറ്റലിയിലെ കലാബ്രിയ മേഖലയിലേക്ക് മൂന്നുവരി പാതയായാകും പാലം നിർമിക്കുക. അഗ്നിപർവത മേഖലയിൽ സുരക്ഷാ ആശങ്കയിലുള്ള പാലത്തിനെതിരെ പരിസ്ഥിതി വാദികൾ രംഗത്തുണ്ടെങ്കിലും അഗ്നിപർവത സ്ഫോടനങ്ങളെയും ചെറുക്കാൻ ഇതിനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിൽ 20 മിനിറ്റെടുത്ത് ബോട്ടിലാണ് ഇരുകരകൾക്കിടയിൽ യാത്ര. 1960കൾ മുതൽ ഇതേ പദ്ധതി ആലോചനയിലുണ്ടെങ്കിലും പ്രായോഗിക പ്രശ്നങ്ങളിൽ കുരുങ്ങി നീളുകയായിരുന്നു.
















