ഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ്. അമേരിക്കയെ ഭീഷണിക്കാരൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യക്ക് ഇറക്കുമതി തീരുവ 50% ആണ് അമേരിക്ക ഉയർത്തിയതിയത്.
ഭീഷണിപ്പെടുത്തുന്ന ആൾക്ക് ഒരു ഇഞ്ച് കൊടുക്കൂ, അവൻ ഒരു മൈൽ ദൂരം മുന്നോട്ട് പോകുമെന്ന് ട്രംപിന്റെ പേര് പരാമർശിക്കാതെ അമേരിക്കയെ നിശിതമായി വിമർശിച്ചുകൊണ്ട് സൂ പറഞ്ഞു. ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ തന്നെ ബ്രസീലിനും യുഎസ് 50% തീരുവ ചുമത്തി.
ട്രംപിന്റെ താരിഫ് തന്ത്രം ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ബ്രസീലിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സെൽസോ അമോറിമുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഫോൺ സംഭാഷണത്തിനിടെ, വാങ് യി അമേരിക്കയുടെ പേര് നേരിട്ട് പരാമർശിച്ചില്ല, മറിച്ച് താരിഫ് മറ്റ് രാജ്യങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കുന്നതിനെ വിമർശിച്ചു. അത്തരം രീതികൾ യുഎൻ ചാർട്ടറിന്റെയും ഡബ്ല്യുടിഒയുടെയും നിയമങ്ങളുടെ ലംഘനമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏകപക്ഷീയമായ തീരുവ ചുമത്തുന്നതിൽ ചൈന ബ്രസീലിന് പൂർണ പിന്തുണ നൽകി. വികസ്വര രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായി ബ്രിക്സ് ഗ്രൂപ്പിൽ – ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയിൽ വിശ്വാസം പ്രകടിപ്പിച്ചു.
മറുപടിയായി, ചൈനയുടെ പിന്തുണയ്ക്ക് ബ്രസീൽ നന്ദി പറഞ്ഞു. താരിഫുകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഫോണിൽ സംസാരിച്ചു. എന്നാൽ ലുലയുമായുള്ള ഫോൺ സംഭാഷണം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്ക് മറുപടിയായി, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ലുല ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിൻ സന്ദർശിക്കും. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷം അദ്ദേഹം ചൈനയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ അവസാന ചൈന സന്ദർശനം.
















