ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് തീരുവ ഇരട്ടിയാക്കിയതിനെത്തുടർന്ന് ആമസോൺ, വാൾമാർട്ട്, ടാർഗെറ്റ് എന്നിവയുൾപ്പെടെയുള്ള യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവെച്ചതായി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്
യുഎസ് റീട്ടെയിലര്‍മാര്‍ കയറ്റുമതിമതി കമ്പനികള്‍ക്ക് ഇ-മെയില്‍ അയച്ചു.
വര്‍ധിച്ച ചെലവ് തങ്ങള്‍ വഹിക്കില്ലെന്നാണ് ആമസോണ്‍ അടക്കമുള്ളവര്‍ പറയുന്നത്. കയറ്റുമതിക്കാര്‍ തന്നെ ഉയര്‍ന്ന താരിഫ് ചെലവ് വഹിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ട്രംപ് താരിഫ് ഉയര്‍ത്തിയതോടെ 30 മുതല്‍ 35 ശതമാനം വരെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യുഎസിലേക്കുള്ള ഓര്‍ഡറുകളില്‍ 40 മുതല്‍ 50 ശതമാനം വരെ ഇടിവുണ്ടാക്കാനും ഏകദേശം 4-5 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കാനും ഇടയാക്കുമെന്നും കയറ്റുമതിക്കാരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെല്‍സ്പണ്‍ ലിവിംഗ്, ഗോകുല്‍ദാസ് എക്സ്പോര്‍ട്സ്, ഇന്‍ഡോ കൗണ്ട്, ട്രൈഡന്റ് തുടങ്ങിയ പ്രമുഖ കയറ്റുമതിക്കാര്‍ അവരുടെ വില്‍പ്പനയുടെ 40 മുതല്‍ 70 ശതമാനം വരെ നടത്തുന്നത് യുഎസിലാണ്.ഇന്ത്യന്‍ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് യുഎസ്. 2024-25ല്‍ തുണിത്തര, വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും യുഎസിലേക്കാണ്.
















