ഡൽഹി: ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തെക്കുറിച്ച് വിവരിച്ച് ഇരയായ കന്യാസ്ത്രീ എലേസ ചെറിയാൻ. ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് അക്രമികൾ ആക്രോശിച്ചുവെന്നും ക്രൂരമായി ആക്രമിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തി.
ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിൾ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ആണ്ട് കുർബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ആളുകൾ വന്നു തടഞ്ഞത്. ഒപ്പമുള്ളവരെ ആക്രമിച്ചെന്നും ബൈക്കിന്റെ എണ്ണവരെ ഊറ്റിക്കളഞ്ഞുവെന്നും സിസ്റ്റര്‍ എലേസ ചെറിയാൻ വ്യക്തമാക്കി.
ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.
















