തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി ഇടതുമുന്നണിയുമായുള്ള കൂട്ടുകെട്ട് വിടാനുള്ള ആലോചനയില്‍. യു.ഡി.എഫുമായി അടുക്കുന്നതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യു.ഡി.എഫുമായുള്ള ചായ്‌വ് എം.എല്‍. റോസി പരസ്യമാക്കുകയും ചെയ്തു.
കാലമേറെയായി ഇടതുപക്ഷത്തോട് ഇടഞ്ഞു നില്‍ക്കുകയാണ് ഇടതു സ്വതന്ത്രയായി ജയിച്ച് കൗണ്‍സിലിലെത്തിയ റോസി. വാക്കുകള്‍ കൊണ്ട് ഇടതുപക്ഷത്തെ പരസ്യമായി വിമര്‍ശിച്ചിരുന്ന റോസി കഴിഞ്ഞ ദിവസം പ്രവൃത്തിയിലൂടെയും ഇത് കാണിച്ചു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്തു നടത്തിയ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനത്തില്‍ ഉദ്ഘാടകയായി പങ്കെടുത്ത റോസി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തു. മേയര്‍ എം.കെ. വര്‍ഗീസും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി ഉള്‍പ്പെടെയുള്ളവരും വിട്ടുനിന്ന ചടങ്ങാണ് ഡെപ്യൂട്ടി മേയറായ എം.എല്‍. റോസി ഉദ്ഘാടനം ചെയ്തത്.
ഇരുവരുമായും റോസി ഏറെക്കാലമായി അഭിപ്രായ ഭിന്നതയിലാണ്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും മേയറോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എല്‍ഡിഎഫില്‍നിന്ന് യുഡിഎഫിലേക്കും വീണ്ടും ഇടതു പാളയത്തിലുമെത്തിയ രാഷ്ട്രീയ ചരിത്രമുണ്ട് റോസിക്ക്. ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ അംഗബലമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിമത കോണ്‍ഗ്രസ് സ്വതന്ത്രനെ മേയര്‍ പദവി വാഗ്ദാനം നല്‍കി മറുകണ്ടം ചാടിച്ചാണ് ഭരണം ഉറപ്പിച്ചത്.
ആദ്യരണ്ടര വര്‍ഷമായിരുന്നു മേയര്‍ പദവി വാഗ്ദാനമെങ്കിലും ഭരണം നിലനിര്‍ത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ അഞ്ചു വര്‍ഷവും മേയര്‍ പദവി നല്‍കേണ്ടതായി വന്നു. അതിനിടെയാണ് സിപിഐയ്ക്ക് അര്‍ഹതപ്പെട്ട ഡെപ്യൂട്ടി മേയര്‍ പദവിയില്‍ പാര്‍ട്ടി തീരുമാനം വൈകിയതോടെ റോസിക്ക് അപ്രതീക്ഷിതമായി ആ പദവി ലഭിച്ചത്.മേയറുമായാണ് റോസി പരസ്യമായി ഇടഞ്ഞാണ് നില്‍ക്കുന്നതെങ്കിലും മേയറെയും കോര്‍പറേഷന്‍ ഭരണത്തേയും നിയന്ത്രിക്കുന്ന ഒരു നേതാവിനോടാണ് അപ്രിയമേറെയുള്ളത്. റോസിയുടെ വാര്‍ഡില്‍പ്പെടുന്ന പറവട്ടാനിയില്‍ പെലേ ദ ലെജന്‍ഡ് മൈതാനം തുറന്നപ്പോള്‍ അവഗണിച്ചെന്നതാണ് അതൃപ്തിക്ക് ആദ്യ കാരണം. പിന്നീട് കാളത്തോട്ടിലെ കോര്‍പറേഷന്റെ കല്യാണമണ്ഡപം പുതുക്കിപ്പണിത് തുറക്കാനായപ്പോള്‍ അത് താത്കാലികമായി കോര്‍പറേഷന്‍ മേഖലാ ഓഫീസാക്കുകയാണെന്ന് റോസിയെ അറിയിച്ചില്ലെന്ന കാര്യമാണ് ചൊടിപ്പിച്ചത്.
















