തിരുവനന്തപുരം: ഡോ. സി എച്ച് ഹാരിസിന്റെ ആരോപണത്തിനു മറുപടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ നടത്തിയ വാർത്താസമ്മേളനത്തിൽ അടിമുടി ദുരൂഹത. മെഡിക്കൽ കോളേജ് സൂപ്രണ്ട് സുനിൽ കുമാറിനും പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാറിനും വന്ന ഫോൺ കോൾ ആണ് ദുരൂഹതയ്ക്ക് വഴിവെച്ചത്.
സ്ക്രിപ്റ്റഡ് പ്രസ് മീറ്റെന്ന സംശയം തോന്നുന്ന രീതിയിലായിരുന്നു വാർത്താ സമ്മേളനം. വാർത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിനൊരു ഫോൺ കോൾ വരുന്നു. ഉന്നത തലങ്ങളിൽ നിന്നാണ് കോളെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പിന്നാലെ അദ്ദേഹം പരസ്യമായി പ്രിൻസിപ്പലിനോട് ആവശ്യപ്പെടുന്നുണ്ട്, സാറേ മുഴുവൻ റിപ്പോർട്ടും വായിക്കണം എന്ന്. സൂപ്രണ്ട് നിരവധി തവണ സർ എന്ന് വിളിക്കുന്നുണ്ട്. ഉന്നതങ്ങളിൽ നിന്ന് നിർദേശം വന്നിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാർത്താ സമ്മേളനമെന്നും പറയാവുന്ന രീതിയിലാണ്. നിർദേശം പ്രിൻസിപ്പലിന് കൈമാറി, അതിന് ശേഷമാണ് റിപ്പോർട്ട് മുഴുവൻ വായിക്കുന്നത്.
















