വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇരട്ടിത്തുക പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്. 437 കോടി രൂപ (50 മില്യണ്‍ ഡോളര്‍) ആണ് പാരിതോഷികമായി നൽകുന്നത്. വെനസ്വേല പ്രസിഡന്റിന്റെ ദീര്‍ഘകാല വിമര്‍ശകനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യുഎസ് അറ്റോണി ജനറല്‍ പാം ബോണിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ‘ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചാണ് പാരിതോഷിക തുക ഉയർത്തിയ വിവരം അറ്റോണി ജനറല്‍ അറിയിച്ചത്.
നേരത്തെ 25 മില്യണ്‍ ഡോളറായിരുന്നു മഡൂറോയുടെ അറസ്റ്റിന് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. മഡൂറോയ്ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎസ് അറ്റോണി ജനറല്‍ പറഞ്ഞു.യുഎസിന്റെ പുതിയ നടപടി ദയനീയമെന്ന് വിശേഷിപ്പിച്ച വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍, ഇത് രാഷ്ട്രീയ പ്രചാരണമാണെന്നും പ്രതികരിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത്, മയക്കുമരുന്ന്-ടെററിസം, അഴിമതി, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് മഡൂറോയ്ക്കും വെനസ്വേലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ യുഎസ് സര്‍ക്കാര്‍ കുറ്റം ചുമത്തിയിരുന്നു. കൊളംബിയന്‍ വിമത ഗ്രൂപ്പായ ഫാര്‍ക്കുമായി ചേര്‍ന്ന് മഡൂറോ അമേരിക്കയ്‌ക്കെതിരെ കൊക്കെയ്ന്‍ ഒരു ആയുധമായി ഉപയോഗിച്ചെന്ന് യുഎസ് നീതിന്യായ വകുപ്പ് അവകാശപ്പെട്ടിരുന്നു.ട്രംപ് ഭരണകൂടം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ട്രെന്‍ ഡി അരാഗ തുടങ്ങിയ വെനസ്വേലന്‍ സംഘവുമായും മെക്‌സിക്കോ ആസ്ഥാനമായുള്ള കുറ്റവാളി ശൃംഖലയായ സിനലോവ കാര്‍ട്ടല്‍ എന്നീ ഗ്രൂപ്പുകളുമായും മഡൂറോ ഏകോപനം നടത്തി പ്രവര്‍ത്തിച്ചതായി ബോണ്ടി ആരോപിച്ചു.
യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) മഡൂറോയുമായും അദ്ദേഹത്തിന്റെ കൂട്ടാളികളുമായും ബന്ധമുള്ള 30 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും, അതില്‍ ഏകദേശം ഏഴ് ടണ്‍ മഡൂറോയുമായി നേരിട്ട് ബന്ധമുള്ളതാണെന്നും അവകാശപ്പെട്ടു.മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി തനിക്ക് നേരിട്ട് പങ്കുണ്ടെന്ന യുഎസ് വാദങ്ങളെ മഡൂറോ നേരത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം മഡൂറോയുടെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് യുകെയും യൂറോപ്യന്‍ യൂണിയനും അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. മഡൂറോ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഉന്നയിക്കുന്നത്.
















