മുംബൈ: മുംബൈയില്‍ വ്യാജ ബലാത്സംഗ കേസ് ചമച്ച് മുന്‍പങ്കാളിയില്‍ നിന്ന് ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരി ആയ ഡോളി കൊട്ടക്കാണ് അറസ്റ്റിലായത്.
മുന്‍പങ്കാളിയുടെ സാമ്പത്തിക വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കുകയും അയാളെ ജയിലിലാക്കുകയും ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പ്രതി ഡോളി കൊട്ടക്കിനെതിരെ ആരോപണമുണ്ട്. ഐടി പ്രൊഫഷണലായ മുന്‍പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരമായി അയാളുടെ സഹോദരിയോട് കോടതിയില്‍വെച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഡോളി ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. മുന്‍പങ്കാളി പണം നല്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഡോളി നിരന്തരമായി ഫോണിലൂടെ ഭീഷണി തുടര്‍ന്നു.
ഒടുവില്‍, തന്റെ അഭിഭാഷകന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലും ഒരു കോടി രൂപ വേണമെന്ന ആവശ്യം ഡോളി ആവര്‍ത്തിച്ചതായി മുന്‍പങ്കാളി പറയുന്നു. ജോലി ചെയ്തിരുന്ന ബാങ്കിലെ ജീവനക്കാരുടെ സഹായത്തോടെ ഐടി പ്രൊഫഷണലിന്റെയും ഭാര്യയുടെയും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ഡോളി നിയമവിരുദ്ധമായി കൈക്കലാക്കിയതായും ആരോപണമുണ്ട്.
മുന്‍പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുമായും ഗൂഗിളുമായും ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഡോളി നീക്കം ചെയ്യുകയും പകരം സ്വന്തം നമ്പര്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ, അയാളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍, ജിപിഎസ് ലൊക്കേഷന്‍ ഹിസ്റ്ററി, സ്വകാര്യ ഫോട്ടോകള്‍, മറ്റ് ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഡോളിക്ക് ലഭിച്ചു തുടങ്ങി. പിന്നാലെ, ഐടി പ്രൊഫഷണലിന്റെ സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗത്തിന് ഇ-മെയില്‍ അയച്ചതോടെ ഈ പീഡനം അയാളുടെ തൊഴില്‍ ജീവിതത്തിലേക്കും വ്യാപിച്ചു.
ഇതിന്റെ ഫലമായി ജോലി രാജിവെക്കേണ്ടി വന്നു. 2024 മെയ് മാസത്തില്‍, ഐടി പ്രൊഫഷണലിന് ഡോളിയുടെ നമ്പറില്‍നിന്ന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. ‘നീ ഒരിക്കലും ജയിക്കില്ല, വേദനയോടെ മരിക്കും. പണം തരിക, അല്ലെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കുക…’ എന്നായിരുന്നു സന്ദേശം. നിരന്തരമായ പീഡനത്തെ തുടര്‍ന്നും പോലീസില്‍നിന്ന് നടപടിയൊന്നും ഉണ്ടാകാത്തതിനാലും ഐടി പ്രൊഫഷണല്‍ ബോറിവലി മജിസ്ട്രേറ്റിനെ സമീപിച്ചു.തുടര്‍ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎന്‍എസ്എസ്) 175 (3) വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്ട്രേറ്റ് ചാര്‍കോപ്പ് പോലീസിനോട് ഉത്തരവിട്ടു. ഈ കേസില്‍ ഡോളിയേയും മറ്റ് രണ്ടുപേരെയും പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരിയായ പ്രമീള വാസ്, സാഗര്‍ കൊട്ടക്ക് എന്നിവരാണ് മറ്റ് പ്രതികള്‍.
















