ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരന്തരം തെറിയും അസഭ്യവും പറയുന്ന നടൻ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകനൊരു പൊതുശല്യമാണെന്നും ആ പൊതുശല്യത്തെ ഒന്നുകിൽ സർക്കാർ ചികിത്സിക്കണം, അല്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഷിയാസ് പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനെയും ഗായകൻ യേശുദാസിനെയും അധിക്ഷേപിച്ച് ഇക്കഴിഞ്ഞ ദിവസം വളരെ മോശമായ കുറിപ്പ് നടൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സമൂഹത്തിന്റെ നാനാകോണിൽ നിന്നും ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. നാടിന്റെ സംസ്കാരത്തിനു ചേരാത്ത രീതിയിലുള്ള കലാകാരനാണ് വിനായകനെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ഷിയാസ് പറഞ്ഞു.
മുഹമ്മദ് ഷിയാസ് പറയുന്നു……..
വിനായകൻ ലഹരി ഉപയോഗിച്ചിട്ടാണ് ഇതെല്ലാം പറയുന്നത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ പ്രശ്നമുണ്ടാക്കിയിരുന്നു. തുണിയുരിഞ്ഞ് പച്ചത്തെറി പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കാണാനും കേൾക്കാനും ഇടയായി. വിനായകനൊരു പൊതുശല്യമാണ്. കേരളം പോലെ സാംസ്കാരികമായി മുന്നോക്കം നിൽക്കുന്ന നാട്ടിൽ ഇതുപോലെ വെറുപ്പിക്കരുത്. ആ പൊതുശല്യത്തെ ഒന്നുകിൽ സർക്കാർ ചികിത്സിക്കണം, അല്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം. വീട്ടുകാർ എന്തായാലും ചികിത്സിക്കുന്നില്ല. ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന ആളുകൾക്ക് എന്തു ചികിത്സയാണോ വേണ്ടത്, അതു കൊടുക്കുക. ഇതിങ്ങനെ നിരന്തരം ആവർത്തിച്ച് എല്ലാവർക്കും ഒരു തലവേദനയായി മാറുമ്പോൾ ജനം ഇവരെ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് മാറും. തെരുവിൽ ആളുകൾ പെരുമാറാൻ തുടങ്ങും. അതു വലിയൊരു അവസ്ഥയിലേക്കു പോകും. ഇനി സർക്കാർ തയാറായില്ലെങ്കിൽ ബന്ധുക്കളെങ്കിലും അയാളെ ചികിത്സിക്കാനുള്ള തയാറെടുപ്പ് എടുക്കണം. ഇതിൽ പരമ പ്രധാനമായി വേണ്ടത് ചികിത്സയാണ്.
വിനായകന്‍ ഒരു കലാകാരനാണ്. അതാണ് അദ്ദേഹത്തിന് നമ്മൾ കൊടുത്ത മാന്യതയും അംഗീകാരവും. പക്ഷേ എല്ലാ കലാകാരന്മാർക്കും ഒരപമാനമായി മാറുകയാണ് ഈ വൃത്തികെട്ടവൻ. രാഷ്ട്രീയം നോക്കാതെ എല്ലാവർക്കുമെതിരെയാണ് അയാളുടെ അസഭ്യവർഷം. ഉമ്മൻ ചാണ്ടിക്കെതിരെയും അച്യുതാനന്ദനെതിരെയും അടൂരിനെതിരെയും പറഞ്ഞു. നാടിന്റെ സംസ്കാരത്തിനു ചേരാത്ത രീതിയിലുള്ള കലാകാരനാണ് അയാൾ.’’–മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ. ഗായകനായ വേടൻ ലഹരിക്കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു. എത്രപേർ അങ്ങനെ പറയാൻ തയാറായി വരുന്നു. ചലച്ചിത്ര മേഖലയിലും ആളുകൾ ഇത്തരത്തിൽ തെറ്റുകൾ ഏറ്റുപറയുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ ഗൗരവകരമായ ആരോപണങ്ങളും ഉണ്ടാകുന്നുണ്ട്. സിനിമാ പ്രവർത്തകർക്ക് പ്രത്യേക ഒരു പരിരക്ഷ സർക്കാരും പൊതു സമൂഹവും നൽകുന്നുണ്ട്, അത് തെറ്റാണ്.
content highlight: Muhammed Shiyas DCC
















