തട്ടത്തിൻ മറയത്ത് എന്ന ഒറ്റ ചിത്രം മാത്രം മതി മലയാളികൾക്ക് ഇഷാ തൽവാറിനെ ഓർമിക്കാൻ. ഐഷ എന്ന പെൺകുട്ടിയെ അത്ര മനോഹരമായാണ് താരം പകർത്തി വെച്ചത്. ഇപ്പോഴിതാ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഒരു ഓഡിഷനിടെ ഷാനൂ വിചിത്രമായ ആവശ്യം ഉന്നയിച്ചെന്നും ഒരു വേഷത്തിനുവേണ്ടി ആ രംഗം ചെയ്യാൻ തയ്യാറായില്ലെന്നും ഇഷാ പറയുന്നത്. എന്തിനാണ് ഷാനു അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് താഴെ കമൻ്റായാണ് നടി ഈ സംഭവം വെളിപ്പെടുത്തിയത്.
ഇഷാ തൽവാർ പറയുന്നു;
ആളുകൾ തിങ്ങിനിറഞ്ഞ ഒരു റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാൻ ഷാനൂ ആവശ്യപ്പെട്ടു. ഈ ആവശ്യം കേട്ട് ഞെട്ടിപ്പോയി. ഒരു വേഷത്തിനുവേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ ഞാൻ തയ്യാറായില്ല.ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് യാതൊരുവിധ മടിയും ഉണ്ടാകരുതെന്നായിരുന്നു അന്ന് ഷാനൂ പറഞ്ഞത്.
മുന്നിൽ അവരും അവരുടെ സുഹൃത്തുക്കളും ഇരിക്കുമ്പോഴും കരയാൻ സാധിക്കണം. ഈ സംഭവം തന്റെ ആത്മവിശ്വാസം തകർത്തു. എന്തിനാണ് ഒരു യുവതിയോട് ഈ കാസ്റ്റിങ് ഡയറക്ടർ ഇങ്ങനെ പെരുമാറിയത് എന്ന് മനസ്സിലാകുന്നില്ല. അഭിനേതാവിന് ഓഡിഷൻ ചെയ്യാൻ നല്ലൊരു കാസ്റ്റിംഗ് സ്പേസ് നൽകുന്നതാണ് ന്യായം. അതല്ല, ഒരു യഥാർഥ ലൊക്കേഷനിൽ വെച്ചാണ് അത് ചെയ്യേണ്ടതെങ്കിൽ ആ സ്ഥലം വാടകയ്‌ക്കെടുക്കണം.
content highlight: Isha Talwar
















