ആലപ്പുഴ: സ്കൂളുകളിൽ കുട്ടികൾക്കായി പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾ നേരിടുന്ന വിഷമങ്ങൾ തുറന്നുപറയാനാണ് പരാതിപ്പെട്ടി. പേര് സഹിതം പരാതി എഴുതണമെന്നില്ല എന്നും മന്ത്രി പറഞ്ഞു.
സ്കൂൾ ഹെഡ് മാസ്റ്റർ എല്ലാ ആഴ്ചയും പരാതിപ്പെട്ടി പരിശോധിച്ച് നടപടി സ്വീകരിക്കണം. നടപടി കാര്യങ്ങൾ സർക്കാരിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ചാരുംമൂട്ടിൽ പിതാവിൽനിന്നും രണ്ടാനമ്മയിൽ നിന്നും മർദനം നേരിട്ട നാലാം ക്ലാസ് വിദ്യാർഥിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകായിരുന്നു മന്ത്രി.
കുടുംബത്തിൽനിന്ന് തന്നെ ക്രൂരമായ മർദനമാണ് കുട്ടി നേരിട്ടത്. പിതാവിൽ നിന്നും രണ്ടാനമ്മയിൽനിന്നും നേരിട്ട പ്രയാസങ്ങൾ കുട്ടി നോട്ട്ബുക്കിൽ കുറിച്ചിരുന്നു. ഇത്തരം കുട്ടികൾക്ക് പലപ്പോഴും വിഷമം പുറത്തുപറയാനാകുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കണക്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
















