കൊച്ചി: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ്’ കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. അസ്സം സ്വദേശി ജാവേദ് അലിയെയാണ് ആലുവ പൊലീസ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തോട്ടുമുഖത്തെ ഷാ വെജിറ്റബിൾസിലാണ് മോഷണം നടന്നത്. 30 കുപ്പി വെളിച്ചെണ്ണയും ഒരു പെട്ടി ആപ്പിളും അയ്യായിരും രൂപയുൾപ്പെടെയാണ് പ്രതി കവർന്നത്. കടയുടെ തറതുരന്ന് കയറാൻ ശ്രമിച്ച ജവാദ് അലി ഒടുവിൽ പൂട്ടുതല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്.
നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. കോതമംഗലത്ത് നിന്ന് മോഷ്ടിച്ച ഒംനി വാനിൽ രാത്രി സഞ്ചരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച സാധനങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി.
















