സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് കലാം 1200 സോളിഡ് റോക്കറ്റ് മോട്ടോർ ആദ്യ സ്റ്റാറ്റിക് പരീക്ഷണം വിജയകരമായി നടത്തിയതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). വിക്രം 1 വിക്ഷേപണ വാഹനത്തിൻ്റെ ആദ്യ ഘട്ടമാണ് വിജയം കണ്ടതെന്ന് ഐഎസ്ആർഒ എക്‌സിൽ കുറിച്ചു.
വെളളിയാഴ്‌ച (ഓഗസ്റ്റ് 8) രാവിലെ 9.05 നാണ് പരീക്ഷണം നടത്തിയതെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേസ് സെൻ്ററിൽ നടത്തിയ പരീക്ഷണം വിക്രം 1 ൻ്റെ വികസനത്തിൻ്റെ സുപ്രധാന ചുവടുവയ്‌പ്പാണെന്നും ഐഎസ്ആർഒ പറഞ്ഞു.
കലാം 1200 മോട്ടോറിന് 11 മീറ്റർ നീളവും 1.7 മീറ്റർ വ്യാസവുമുള്ള മോണോലിത്തിക് കോമ്പോസിറ്റ് മോട്ടറുണ്ട്. ഈ മോട്ടോറാണ് 30 ടൺ വരെ ഭാരമുള്ള പ്രൊപ്പല്ലറിനെ വഹിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സോളിഡ് പ്രൊപ്പല്ലൻ്റ് പ്ലാൻ്റിൽ തയ്യാറാക്കിയ ഏറ്റവും നീളമേറിയ മോണോലിത്തിക് മോട്ടോറാണിത്. പരീക്ഷണത്തിനായുള്ള പ്രത്യേക ടെസ്റ്റ് സ്റ്റാൻഡും ഐഎസ്ആർഒ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ 2023 ലെ ബഹിരാകാശ നയത്തിന് അനുസൃതമായാണ് ഈ നേട്ടമെന്നും പ്രധാന നാഴികകല്ലാണെന്നും ഐഎസ്ആർഒ പറയുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഐഎസ്ആർഒയുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതാണ് 2023 ലെ ബഹിരാകാശ നയം.
ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഐഎസ്ആർഒ മേധാവി വി നാരായണൻ ദൗത്യത്തിന്‍റെ ഭാഗമായ നാസയുടെ ജെപിഎൽ ടീമിനെയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു. പദ്ധതിയിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും നൽകിയ പിന്തുണയ്‌ക്കും വി നാരായണൻ നന്ദി അറിയിച്ചിരുന്നു. ഐഎസ്ആർഒയും നാസയും തമ്മിലുള്ള ബന്ധം മുൻപത്തേക്കാൾ കൂടുതൽ ദൃഢമാക്കാൻ നിസാർ ദൗത്യത്തിന് കഴിഞ്ഞതായും വി നാരായണൻ പറഞ്ഞു.















