ഷൈൻ നിഗത്തെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ വീര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹാൽ’ സെപ്റ്റംബർ 12-ന് ലോകവ്യാപകമായി തിയറ്ററുകളിൽ റിലീസാകും. ചിത്രത്തിൻ്റെ ആകർഷകമായ റിലീസിങ് പോസ്റ്റർ അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രണയാതുരമായ ദൃശ്യങ്ങളോടുകൂടിയ പോസ്റ്റർ ഇതിനോടകം തന്നെ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഷൈൻ നിഗത്തിൻ്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമായ ‘ഹാൽ’, മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു സമ്പൂർണ വർണാഭമായ എൻ്റർടെയ്നർ ആയിരിക്കും ‘ഹാൽ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.
സംഗീതത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഈ സിനിമയുടെ ചിത്രീകരണം 90 ദിവസം നീണ്ടുനിന്നു. ജെവിജെ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയാണ് ‘ഹാലിൻ്റെ’ രചന നിർവഹിച്ചിരിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥയെഴുതുന്ന സിനിമയാണിത്.
പ്രശസ്ത ബോളിവുഡ് ഗായകനായ അങ്കിത് തിവാരി ആദ്യമായി മലയാളത്തിൽ ഒരു ഗാനം ആലപിക്കുന്ന ചിത്രം കൂടിയാണ് ‘ഹാൽ’ എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ഷൈൻ നിഗവും സാക്ഷി വൈദ്യയും കൂടാതെ, പ്രമുഖ താരങ്ങളായ ജോണി ആൻ്റണി, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ മികച്ചതാണ്. രവി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ. സംഗീത സംവിധാനം നന്ദഗോപൻ വി നിർവഹിച്ചിരിക്കുന്നു. വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. നാഥൻ, പ്രശാന്ത് മാധവ് എന്നിവരാണ് ആർട്ട് ഡയറക്ടർമാർ. ഫാർസ് ഫിലിംസാണ് വിതരണം. വാഴൂർ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് പി.ആർ.ഒ.’
















