ആഴ്ചകളുടെ അവസാനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടി ബിയർ ആസ്വദിക്കുകയെന്നത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. ശരീരഭാരം കൂടുന്നത് മുതൽ കരൾ പ്രശ്നങ്ങൾവരെ ഉണ്ടാകാൻ സാധ്യതയുണ്ട്.ദിവസവും ബിയർ കുടിക്കുന്നത് കരളിനെ അമിതമായി പ്രവർത്തിപ്പിക്കുന്നു. ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ദീർഘകാല ബിയർ ഉപഭോഗം ഓക്സിഡേറ്റീവ് സമ്മർദത്തിന് കാരണമാകുമെന്നും ഇത് കരളിന് കേടുപാടുകൾ വരുത്തുമെന്നും കണ്ടെത്തി. കാലക്രമേണ, ഇത് ഫാറ്റി ലിവർ ഡിസീസ്, ലിവർ ഫൈബ്രോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും.
പതിവായി ബിയർ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തും. ദിവസവും ബിയർ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. പതിവായി ദീർഘകാലം ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.
ബിയർ ഉപയോഗിക്കുന്നതിലെ ഫലം തലച്ചോറിൽ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ നീണ്ടുനിൽക്കും. ദീർഘകാലാടിസ്ഥാനത്തിൽ, മെമ്മറി പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ബിയർ കലോറി കൂടുതലുള്ളതും പോഷകമൂല്യം കുറവുമാണ്. പതിവായി കഴിക്കുന്നത് വിസറൽ കൊഴുപ്പ് വർധിപ്പിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റും.
ലോകാരോഗ്യ സംഘടനയുടെ 2023 ലെ ഒരു പ്രസ്താവന പ്രകാരം, ബിയർ കുടിക്കുന്നതിന് സുരക്ഷിതമായ അളവില്ല. മിതമായ അല്ലെങ്കിൽ ലഘുവായ മദ്യപാനം പോലും അപകടരഹിതമല്ല. ആദ്യ തുള്ളി മുതൽ അപകടസാധ്യത ആരംഭിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചുരുക്കത്തിൽ, നിങ്ങൾ എത്ര കുറവ് കുടിക്കുന്നുവോ അത്രയും ദീർഘകാല ആരോഗ്യ സാധ്യതകൾ മെച്ചപ്പെടും.
ദിവസവും ബിയർ കുടിക്കുന്നത് നിർത്തിയാൽ മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട ഉറക്കം, വയറു വീർക്കൽ കുറയുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ നേടാനാകും.
















