മിനിമം ബാലന്‍സ് കുത്തനെ ഉയർത്തി രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഈ മാസം മുതൽ മെട്രോ, നഗര പ്രദേശങ്ങളിൽ ആരംഭിച്ച എല്ലാ അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് (മന്ത്‌ലി ആവറേജ് ബാലന്‍സ്) 10,000 രൂപയിൽ നിന്ന് 50,000 രൂപയായി വർദ്ധിപ്പിച്ചു.ഐസിഐസിഐ ബാങ്കിന്റെ എല്ലാ പ്രദേശങ്ങളിലെ അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് ഉയർത്തിയിട്ടുണ്ട്. അർദ്ധ നഗര ശാഖകൾക്ക്, 5,000 രൂപയിൽ നിന്ന് 25,000 രൂപയായും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയിൽ നിന്ന് 10,000 രൂപയായും മിനിമം ബാലൻസ് വർദ്ധിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ ബാലൻസാണ് പ്രതിമാസ ശരാശരി ബാലൻസ് (MAB). ബാലൻസ് നിശ്ചിത തുകയിൽ താഴെയാണെങ്കിൽ, ബാങ്കുകൾ പിഴ ഈടാക്കാം. മിനിമം ബാലൻസ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ, കുറവായ തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്നാണ് ഐസിഐസിഐ ബാങ്ക് അറിയിച്ചിരിക്കുന്നത്.
പ്രതിമാസ ശരാശരി ബാലൻസിൽ കുത്തനെ വർദ്ധനവ് വരുത്തുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. അതേസമയം, അഞ്ചു വർഷ കാലയളവിൽ മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 9,000 കോടി രൂപ പിഴ ഈടാക്കിയതായി കഴിഞ്ഞ ആഴ്ച ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്തക്കളെ ഞെട്ടിച്ചുകൊണ്ടുള്ള ഐസിഐസിഐ ബാങ്കിന്റെ പ്രഖ്യാപനം.
















