യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങൾ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നൽകിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരൻ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
STORY HIGHLIGHT :nimisha-priya-case-talal-brother-seek-new-date-for-death-sentence
















