രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്കു തീവണ്ടിയായ ‘രുദ്രാസ്ത്ര’ വിജയകരമായി സർവീസ് ആരംഭിച്ചതോടെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേ. 4.5 കിലോമീറ്ററാണ് രുദ്രാസ്ത്രയുടെ ആകെ നീളം. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ ചരക്കു തീവണ്ടിയാണിത്.
7 എഞ്ചിനുകളാണ് രുദ്രാസ്ത്രയ്ക്ക് കരുത്തേകുന്നത്. 354 വാഗണുകളാണ് ട്രെയിനിൽ ഉള്ളത്. ചരക്കു ഗതാഗത ശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഡിവിഷൻ ഏറ്റെടുത്ത പദ്ധതിയായിരുന്നു ഇത്.
ഓഗസ്റ്റ് 7 ന്, ഡിഡിയു ഡിവിഷനിലെ ഗഞ്ച്ഖ്വാജ സ്റ്റേഷനിൽ നിന്ന് ഗർവ റോഡ് സ്റ്റേഷനിലേക്കായിരുന്നു രുദ്രാസ്ത്രയുടെ ആദ്യ യാത. 200 കിലോമീറ്റർ ദൂരം 5 മണിക്കൂറിൽ പൂർത്തിയാക്കിയാണ് രുദ്രാസ്ത്ര ഗർവ റോഡ് സ്റ്റേഷനിലെത്തിയത്. 40 കിലോമീറ്റർ ശരാശരി വേഗതയിലായിരുന്നു ട്രെയിനിന്റെ സഞ്ചാരമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. ആറ് ഒഴിഞ്ഞ ബോക്സൺ റേക്കുകൾ സംയോജിപ്പിച്ചായിരുന്നു ട്രെയിൻ നിർമ്മിച്ചതെന്നും റെയിൽവേ പറഞ്ഞു.
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെയും സാധാരണ ട്രാക്കിലൂടെയും ട്രെയിൻ ഓടിയതായി റെയിൽവേ അറിയിച്ചു. രുദ്രാസ്ത്ര”യുടെ വിജയകരമായ പ്രവർത്തനം വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെയും മികച്ച പ്രവർത്തന ശേഷിയുടെയും ഉദാഹരണമാണെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
“രുദ്രാസ്ത്ര വന്നതോടെ ചരക്കു ഗതാഗതത്തിന്റെ വേഗതയും ശേഷിയും വർധിക്കും. ഈ ചരക്കു ട്രെയിനുകൾ വെവ്വേറെയായി സർവീസ് നടത്തിയാൽ, അവയ്‌ക്കെല്ലാം ആറു വ്യത്യസ്ത റൂട്ടുകളും ക്രൂവും ആവശ്യമായി വരും. എന്നാൽ ഒരുമിച്ച് ഓടുന്നതിലൂടെ സമയം ഗണ്യമായി ലാഭിക്കുകയും മറ്റു ട്രെയിനുകൾ ഓടിക്കാൻ കൂടുതൽ ട്രാക്കുകൾ റെയിൽവേയ്ക്ക് ലഭിക്കും ചെയ്യും,” സോണൽ റെയിൽവേ പറഞ്ഞു.
















