തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉല്‍പ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സുവര്‍ണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി ആരംഭിക്കുന്ന സ്മാര്‍ട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത നിവാരണ മാര്‍ഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 1957 ല്‍ അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാരുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുവരുന്നുണ്ടെന്നും അതിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിഞ്ഞ 9 വര്‍ഷക്കാലത്തെ എല്‍ ഡി എഫ് ഭരണത്തിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
വനാവകാശ നിയമപ്രകാരം വ്യക്തിഗത രേഖകള്‍ അനുവദിച്ച 566 ഫോറസ്റ്റ് വില്ലേജുകളെ റവന്യൂ വില്ലേജുകളായി മാറ്റിയിട്ടുണ്ട്. ഈ വനഗ്രാമങ്ങളിലെ 29,422 കുടുംബങ്ങളുടെ ഭൂമിയാണ് റവന്യു വില്ലേജില്‍ ഉള്‍പ്പെടുത്തുന്നത്. വനാവകാശ രേഖകള്‍ തണ്ടപ്പേരില്‍ ചേര്‍ക്കുന്നതോടെ വായ്പയ്ക്കും സബ്‌സിഡികള്‍ക്കും മറ്റുമായി ഇവര്‍ക്കും ഭൂമി ഈട് വയ്ക്കാനാകും. പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും ആദിവാസി മേഖലകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടാണ് ഓരോ ഉന്നതിയിലും പ്രത്യേക ദുരന്ത നിവാരണ പദ്ധതി ഉണ്ടാകണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികവര്‍ഗക്കാരുടെ വികസനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. കാലഘട്ടത്തിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി സമസ്ത മേഖലകളിലെ മുന്നേറ്റങ്ങള്‍ക്ക് ഇനിയും പ്രാമുഖ്യം നല്‍കുന്നും മന്ത്രി പറഞ്ഞു. ഉന്നതികളിലെ ദുരന്ത നിവാരണ മാര്‍ഗരേഖ മുഖ്യമന്ത്രി പട്ടികവര്‍ഗല വികസന വകുപ്പ് ഡയറക്ടര്‍ രേണു രാജിന് നല്‍കി പ്രകാശനം ചെയ്തു.
പാരമ്പര്യ നെല്‍വിത്തിന സംരക്ഷകനായ ചെറുവയല്‍ രാമനേയും പാരമ്പര്യ ഗോത്ര വൈദ്യത്തില്‍ അഗ്രഗണ്യയായ ലക്ഷ്മിക്കുട്ടിയമ്മയേയും മക്കള്‍ വളര്‍ത്തി എന്ന അപൂര്‍വയിനം കൈതച്ചക്കയുടെ സംരക്ഷണത്തിന് പരപ്പിയേയും സിവില്‍ സര്‍വീസിലെ ഉന്നത വിജയത്തിന് ശ്രീധന്യ സുരേഷിനേയും ദേശീയ ഗെയിംസില്‍ ജൂഡോയില്‍ വിജയം നേടിയ ദേവീകൃഷ്‌ണേയും പിന്നണി ഗായികയായ നഞ്ചിയമ്മയേയും പരിപാടിയില്‍ മുഖ്യമന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വിദേശ പഠനത്തിനുളള ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ഓഫര്‍ ലെറ്റര്‍ മന്ത്രി ഒ ആര്‍ കേളു വിദ്യാര്‍ഥികള്‍ക്ക് കൈമാറി. നൂറു ശതമാനം വിജയം നേടിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കുളള ട്രോഫിയും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ് ടോപ്പും മന്ത്രി വിതരണം ചെയ്തു.
വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ആന്റണി രാജു, ഡി കെ മുരളി, ജി സ്റ്റീഫന്‍, ഒ എസ് അംബിക, കെ ആന്‍സലന്‍, സി കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, കിര്‍ടാഡ്‌സ് ഡയറക്ടര്‍ ബിന്ദു എസ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അരുണ്‍ ജെ ഒ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേഷ്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ബി വിദ്യാധരന്‍ കാണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി. യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് നിന്നും തദ്ദേശ ജനതയുടെ ഘോഷയാത്രയോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്.
















