ഗസ്സ സിറ്റി: ഇസ്രയേൽ ഉപരോധത്തെത്തുടർന്ന് ഗാസയിൽ 11 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ പട്ടിണിക്കൊലയിൽ മരിച്ചവരുടെ എണ്ണം 212 ആയി. ഇതിൽ നൂറിലേറെയും കുട്ടികളാണ്. ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിന്ന 21 പേർ അടക്കം 39 പേർ ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 491 പേർക്കു പരുക്കേറ്റു. സഹായസാമഗ്രികളുമായി എത്തിയ യുഎൻ വാഹനവ്യൂഹം ഗാസയിലേക്കു കടക്കുന്നതിനിടെ, ജനക്കൂട്ടത്തിനു നേരെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ 6 പേരും കൊല്ലപ്പെട്ടു. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമെ വെള്ളം, ഇന്ധനം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ രൂക്ഷമായ ക്ഷാമം കൂടിയാണ് ഗസ്സ അഭിമുഖീകരിക്കുന്നത്.
കരമാർഗം കൂടുതൽ സഹായം എത്തിയില്ലെങ്കിൽ പട്ടിണിമരണം വ്യാപിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുക്കൾ എയർ ഡ്രോപ്പ് ചെയ്യുന്നത് പട്ടിണി മറികടക്കാൻ ഒട്ടും പര്യാപ്തമല്ലെന്നും യു.എൻ ഏജൻസികൾ അറിയിച്ചു. എന്നാൽ റഫ ഉൾപ്പടെ അതിർത്തികൾ വഴിയുള്ള സഹായ വിതരണത്തിന് കർശന നിയന്ത്രണം തുടരാൻ തന്നെയാണ് ഇസ്രായേൽ തീരുമാനം.
2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 61,369 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിൽ ഐക്യരാഷ്ട്ര സംഘടനയിൽനിന്നുൾപ്പെടെ രാജ്യാന്തര സമ്മർദം ശക്തമായി. ഗസ്സ നഗരം പൂർണമായി കീഴ്‍പ്പെടുത്താൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതോടെ ഇസ്രായേൽ നടപടികൾ ശക്തമാക്കി. ഇന്നുമുതൽ ആയിരക്കണക്കിന് റിസർവ് സൈനികരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. ഗസ്സ സിറ്റിയിൽ നിന്ന് പതിനായിരങ്ങളെ പുറന്തള്ളാനാണ് ഇസ്രായേൽ തീരുമാനം. വിപുലമായ കരയുദ്ധവും പദ്ധതിയുടെ ഭാഗമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സൈനികമായി ഗസ്സയെ കീഴ്പ്പെടുത്തുക എളുപ്പമല്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്‍റെ നിലപാട്.
















