കോഴിക്കോട്: കരിക്കാംകുളം ഫ്ലോറിക്കൻ റോഡിൽ വാടക വീട്ടിൽ കൊല്ലപ്പെട്ട സഹോദരിമാരുടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയും. നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡ് പുറത്തണ്ടേരി പറമ്പ് ‘പൗർണമി’ വീട്ടിൽ താമസിക്കുന്ന എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെയാണ് രണ്ട് മുറികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സഹോദരനായ എം. പ്രമോദ്(62)നെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാർക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. സഹോദരിമാർ മരിച്ച വിവരം അറിഞ്ഞു പുലർച്ചെ ബന്ധുക്കളും നാട്ടുകാരും വീട്ടിൽ എത്തിയപ്പോൾ വെള്ളത്തുണി പുതപ്പിച്ചു കിടത്തിയതാണ് കണ്ടത്. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
















