ബെംഗളൂരു: നടിയും മുൻ എംപിയുമായ രമ്യയ്ക്ക് ബലാത്സംഗ ഭീഷണിയും അശ്ലീല സന്ദേശവും അയച്ച സംഭവത്തിൽ മുഖ്യ പ്രതി പൊലീസ് പിടിയിൽ. കെആർ പുരം സ്വദേശി പ്രമോദ് ഗൗഡയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്നഡ നടൻ ദർശൻ ഒന്നാം പ്രതിയായ രേണുകസ്വാമി കൊലക്കേസിൽ ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെയാണ് നടന്റെ ആരാധകർ ഭീഷണിയുമായി എത്തിയത്.
സുഹൃത്തിന്റെ ഫോണിൽനിന്നാണ് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ഇതുവരെ 6 പേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 പേരെ താക്കീത് നൽകി വിട്ടു. 43 സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഭീഷണി സന്ദേശം വന്നതായി രമ്യ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ്ങിന് പരാതി നൽകുകയായിരുന്നു.
















