സൗദിയിൽ വേനൽചൂടിന് ആശ്വാസം പകരാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് വിജയകരമായി പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. റിയാദിന്റെ വടക്കുകിഴക്കുള്ള റാമ ഗവർണറേറ്റിൽ വേനൽക്കാലത്ത് ആദ്യമായി മഴയുടെ തോത് വർധിപ്പിച്ച ക്ലൗഡ് സീഡിങ് വിജയിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രഖ്യാപിച്ചു.
ഈ പദ്ധതിയുടെ സാങ്കേതിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന ഒരു ഗുണപരമായ ഘട്ടമാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. മേഘങ്ങളുടെ പ്രത്യേക ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ വിതറി മഴത്തുള്ളികൾ രൂപപ്പെടുത്തുന്നതിന് മേഘങ്ങളെ ഉത്തേജിപ്പിക്കുന്ന നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകളെയാണ് ഈ പരിപാടി ആശ്രയിക്കുന്നത്.
രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രത്യേക വിമാനങ്ങളും, പരിശീലനം ലഭിച്ച പ്രവർത്തന സംഘങ്ങളും ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
മഴ പെയ്യുന്നത് വർധിപ്പിക്കുക, ജലസ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
















