തിരുവനന്തപുരം: അതുല്യയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതി ആണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്ത സതീഷിനെ നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിടും. 2 ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെ ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സതീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. ജോലി നഷ്ടമായതിനെ തുടർന്നാണ് സതീഷ് നാട്ടിലെത്തിയത്. അതുല്യയുടെ മരണത്തെ തുടർന്ന് സതീഷിനെ സ്വകാര്യ കമ്പനി പിരിച്ചുവിട്ടിരുന്നു. ചവറ തെക്കുഭാഗം പൊലീസാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം കൊല്ലത്തുനിന്ന് എത്തി നടപടി പൂർത്തിയാക്കിയശേഷം ജാമ്യം അനുവദിക്കും. അതുല്യയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പൊലീസ് അറസ്റ്റു ചെയ്താൽ ജാമ്യം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ജൂലൈ 19ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
താൻ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സതീഷ് പിന്നീട് മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. അതുല്യ മരിക്കുന്നതിന് മുൻപ്, തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് അതുല്യയെ ഉപദ്രവിക്കുന്ന സതീഷാണ് ഈ വിഡിയോയിൽ ഉള്ളത്.
















