ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തക്കാളി. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റ് ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് തക്കാളി. തക്കാളി വിഭവങ്ങൾ ഇഷ്ടമല്ലാത്ത മലയാളികളും ചുരുക്കമായിരിക്കും. തക്കാളി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ കൊളെസ്റ്ററോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ തടയുന്നതിനും തക്കാളി കഴിക്കുന്നത് നല്ലതാണ്.
കരളിനെ സംരക്ഷിക്കാനും ദഹനശേഷി വർധിപ്പിക്കാനും തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധത്തെ തടയുന്നു. കുടലിന്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. ഭക്ഷണത്തിൽ തക്കാളി ചേർത്ത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ശീലമാക്കാം.
തക്കാളിയിൽ ധാരാളം വിറ്റാമിൻ കെയും കാൽഷ്യവും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾ ലഭിക്കാൻ അത്യാവശ്യമാണ് ഈ പോഷകങ്ങൾ. ദിവസവും തക്കാളി കഴിക്കുന്നതിലൂടെ എല്ലുകളുടെ ശക്തി കൂടുന്നു. പ്രതിരോധ ശേഷി കൂട്ടാനും ശരീരത്തിന്റെ ഊർജ്ജം നിലനിർത്താനും നല്ല ആരോഗ്യത്തിനും തക്കാളി ദിവസവും കഴിക്കാം.
തക്കാളിക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും, നിങ്ങൾക്ക് വൃക്ക രോഗമോ വൃക്കയിലെ കല്ലുകളോ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രമേ നിങ്ങൾ തക്കാളി കഴിക്കാവൂ.
















