ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘സു ഫ്രം സോ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി ഒരുക്കുന്ന ചിത്രം ‘കരാവലി’ എത്തുന്നു. രാജ് ബി ഷെട്ടി, സംവിധായകൻ ഗുരുദത്ത് ഗാനിഗയുമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘മൃഗം vs മനുഷ്യൻ’ എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ രണ്ട് എരുമകൾക്ക് നടുവിൽ തീപ്പന്തവുമേന്തി നിൽക്കുന്ന രാജ് ബി ഷെട്ടിയെ ആണ് കാണാനാകുന്നത്.
മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി ഷെട്ടി എത്തുന്നത്. ചിത്രത്തിൽ പ്രജ്വാൾ ദേവരാജ് ആണ് നായകനായി എത്തുന്നത്. ‘സിനിമയുടെ എഴുത്ത് തുടങ്ങിയപ്പോൾ, മാവീരയുടെ വേഷം ആര് അവതരിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഒരു ഊഹവുമില്ലായിരുന്നു. ആദ്യ ടീസർ പുറത്തിറങ്ങിയതിനുശേഷമുള്ള പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു, പ്രത്യേകിച്ച് കമ്പളയുടെ സത്തയും ഈ പത്ത് സെക്കൻഡ് കായിക വിനോദത്തിന് പിന്നിലെ ചൈതന്യവും മനസ്സിലാക്കുന്ന ജനങ്ങളിൽ നിന്നുള്ള പ്രതികരണം വിസ്മയിപ്പിച്ചു.’ ഗുരുദത്ത ഗാനിഗ പറഞ്ഞു.
തീരദേശ ആചാരങ്ങളിൽ വേരൂന്നിയുള്ള കഥയായതിനാൽ, കഥാപാത്രത്തെ ആത്മാവിൽ ചേർക്കുന്ന അത്രയും മനസ്സിലാക്കുന്ന ഒരാളെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് രാജിനെ കണ്ടു കഥ പറഞ്ഞത്. രാജ് മാവീരയെ അവതരിപ്പിക്കുക മാത്രമല്ല, മാവീരയായി ജീവിക്കുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT: raj b shettys upcoming movie karavali first look
















