ടോക്കിയോ: ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറിച്ചു. പുലർച്ചെ 5.23നാണ് സംഭവം ഉണ്ടായത്. ജപ്പാനിലെ ക്യൂഷു ദ്വീപിലെ കിരിഷിമ പർവതനിരകളിലാണ് ഷിൻമോഡേക്ക് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അഗ്നിപർവതത്തിൽനിന്ന് കറുത്ത പുകയും ചാരവും 3000 മീറ്റർ ഉയരത്തിൽവരെ എത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഗോഷിമ, മിയാസാക്കി എന്നീ നഗരങ്ങളുടെ അതിർത്തിയിലാണിത്. ജൂൺ 27 മുതൽ ഇടയ്ക്കിടയ്ക്ക് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായിരുന്നെങ്കിലും ഇന്നു പുലർച്ചെ ഉണ്ടായത് വലിയതോതിലാണെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഗ്നിപർവതത്തിന് 14 കി.മീ. ചുറ്റളവിൽ ചെറിയ പാറക്കഷണങ്ങൾ വീണേക്കാമെന്ന് ജപ്പാൻ മിറ്റീരിയോളജിക്കൽ ഏജൻസി (ജെഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 22നാണ് ഒരിടവേളയ്ക്കുശേഷം ആദ്യമായി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. 2018ലായിരുന്നു ഇതിനു മുൻപ് പൊട്ടിത്തെറിയുണ്ടായത്. ഏകദേശം 1,420 മീറ്ററാണ് (4,659 അടി) അഗ്നിപർവതത്തിന്റെ ഉയരം. ഏകദേശം 7300–25,000 വർഷങ്ങൾക്കു മുൻപാണ് ഈ അഗ്നിപർവതം രൂപംകൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. 1716ലാണ് ആദ്യമായിഈ അഗ്നിപർവതത്തിൽ ഒരു പൊട്ടിത്തെറിയുണ്ടായതെന്നാണ് രേഖകൾ. അതിനുശേഷം 1717, 1771, 1822, 1959, 1991, 2008, 2009, 2011, 2017, 2018 എന്നീ വർഷങ്ങളിലും പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.
















