ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകിയ സർക്കാർ നടപടിയിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇസ്രായേൽ സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ മോചനം സാധ്യമാക്കുന്നതിന് മുമ്പുള്ള ഇത്തരം നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ടെൽ അവീവിൽ നിരവധിയാളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഗാസ പിടിച്ചെടുക്കുന്നതിനുള്ള തീരുമാനം വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്. മേഖലയിലെ ഹമാസിന്റെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കി സമാധാനം പുനസ്ഥാപിക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാസ പിടിച്ചെടുത്ത മേഖലയുടെ ഭരണം സൗഹൃദ അറബ് സേനയ്ക്ക് കൈമാറാൻ തീരുമാനിച്ചെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.
എന്നാൽ, ബന്ദികളുടെ മോചനം പൂർണമാകുന്നതിന് മുമ്പുള്ള നടപടി നിരവധി പ്രത്യാഘാതങ്ങൾ വരുത്തിവെക്കുമെന്ന് മുതിർന്ന സൈനിക ഓഫീസർമാർ വരെ അഭിപ്രായപ്പെട്ടിരുന്നു. ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് നിലവിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാണ്.
വരും ദിവസങ്ങളിലും ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ടെൽ അവീവ് ഉൾപ്പടെയുള്ള എല്ലാ നഗരങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഗാസ പിടിച്ചെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാൻ അമേരിക്ക ആവശ്യപ്പെടണമെന്ന് ബന്ദിയാക്കപ്പെട്ട ഒമ്രി മിറാന്റെ ഭാര്യ ലിഷേ മിറാൻ ലാവി ആവശ്യപ്പെട്ടു.അതേസമയം, ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ വിവിധ ലോകരാഷ്ട്രങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ പ്രഖ്യാപനത്തിൽ ചൈന അതീവ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും അടിയന്തര വെടിനിർത്തലിനും ചൈന ആഹ്വാനം ചെയ്തു.
ഇസ്രായേലിന്റെ പ്രഖ്യാപനത്തെ നിരാകരിച്ചാണ് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തിയത്.ഇസ്രായേലിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. ഇസ്രായേലിന്റേത് തെറ്റായ തീരുമാനമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇസ്രായേലിന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഫ്രാൻസും രംഗത്തെത്തിയിരുന്നു.
















