കൊച്ചി: അമ്മുമ്മയുടെ കാമുകൻ പതിനാലു വയസ്സുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടർ എന്നയാളെ കൊച്ചി നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ കുട്ടിക്ക് നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കൊച്ചിയിലെ അപ്പാർട്ട്മെന്റുകളിൽ സഹായിയായി പ്രവർത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. ഇക്കഴിഞ്ഞ ഡിസംബർ മുതലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. കുട്ടിയുടെ പിതാവ് വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
14കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടിൽ പ്രബിൻ ഇടക്കിടെ താമസിക്കാൻ എത്തുമായിരുന്നു. ഡിസംബർ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രബിൻ കുട്ടിക്ക് മദ്യം നൽകാൻ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നൽകിയത്. കുട്ടി നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി വലിപ്പിക്കുകയായിരുന്നു.
പ്രബിൻ സ്ഥിരമായി ലഹരി കൊടുത്തു തുടങ്ങിയതോടെ കുട്ടി അക്രമാസക്തനാവുകയും വീട്ടിലെ സാധനങ്ങളൊക്കെ എറിഞ്ഞുടയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനിടെയാണ് കുട്ടി സുഹൃത്തിനോട് താൻ ലഹരി ഉപയോഗിക്കുന്ന കാര്യവും മറ്റും പറയുന്നത്. സുഹൃത്ത് ഇത് കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അവർ പൊലീസിനെ സമീപിച്ചു.
















