റായ്പൂർ: മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ പ്രാർഥനകൂട്ടായ്മക്ക് നേരെ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. പൊലീസ് നോക്കിനിൽക്കേയാണ് ബജ്രംഗ്ദൾ പ്രവർത്തകർ തങ്ങളെ മർദിച്ചതെന്ന് പാസ്റ്റർ പറഞ്ഞു. പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുമ്പോഴാണ് പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്.
ബജ്റംഗ്ദൾ പ്രവർത്തകർ പ്രാർഥനക്കെത്തിയവരെ മർദിച്ചെന്ന് ആരോപിച്ചു. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന പ്രാർഥന യോഗത്തിനിടെയാണ് പ്രവർത്തകർ ബഹളം വെച്ചത്. ഇരുപതോളം ബജ്രംഗ്ദൾ പ്രവർത്തകരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം ഒഡീഷയിലും ക്രിസ്ത്യൻ പുരോഹിതസംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികൻ, രണ്ട് കന്യാസ്ത്രീകൾ, ഒരു മതബോധകൻ എന്നിവർ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
തുടർന്ന് ഗ്രാമീണ സ്ത്രീകൾ കന്യാസ്ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നു. പുരോഹിതന്മാരെയും മതബോധകനെയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. മതപരിവർത്തനം നടത്തിയെന്ന് വ്യാജമായി ആരോപിച്ച് പുരോഹിതരിലൊരാളായ. ഫാ. ലിജോയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
















