കല്ലായി: കോഴിക്കോട് കല്ലായിയില്‍ സ്വകാര്യ ബസിന്റെ അടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കൊളത്തറ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘എമറാള്‍ഡ്’ എന്ന ബസിന്റെ അടിയിലേക്കാണ് യുവാവ് ചാടിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവാവിന് ജീവൻ തിരിച്ചുകിട്ടി.
ഇതരസംസ്ഥാന തൊഴിലാളിയാണ് യുവാവ് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെ കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ബസിന്റെ ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് വണ്ടി നിര്‍ത്തിയതുകൊണ്ട് യുവാവിന് പരിക്കൊന്നും പറ്റിയിട്ടില്ല.
സ്റ്റോപ്പില്‍നിന്നും ബസ് എടുത്ത് ഉടനെ തന്നെയായിരുന്നു യുവാവ് വാഹനത്തിന്റെ പിന്‍വശത്തെ ടയറിന് മുന്നിലേക്ക് ചാടിയത്. ഇയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുണ്ടോ, അതല്ലാ ലഹരിവസ്തുക്കള്‍ എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അവിടെ ഉണ്ടായിരുന്നവരും ബസുകാരും ഇയാളോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പ്രതികരിച്ചില്ല.
















