മലപ്പുറം: മലപ്പുറം ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഷവർമ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നും ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി.136 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു. 31 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ഷവർമ്മയുടെ ഗുണനിലവാര പരിശോധനയില്‍ 31 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കാൻ ശുപാർ നൽകി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹിയറിംഗിന് ശേഷം പിഴത്തുക നിശ്ചയിക്കും. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു പരിശോധന നടത്തിയത്. എല്ലാ സർക്കിളുകളിലും അഞ്ച് വീതം സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്. വൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ട് വരെയായിരുന്നു പരിശോധന.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവർമ്മ മാർഗ നിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവർമ്മ തയ്യാറാക്കാനോ വില്‍ക്കാനോ പാടില്ല. കൂടാതെ, ഷവർമ്മ തയ്യാറാക്കുന്ന സ്ഥലം, ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ച വിശദമായ മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.
















