വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ കര്‍ണാടകത്തില്‍ ഉള്‍പ്പടെ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ ഇങ്ങനെ പറയുന്നു, ‘ഈ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷനുടേതാണെന്ന് നിങ്ങള്‍ നിങ്ങളുടെ അവതരണത്തില്‍ പറഞ്ഞിരുന്നു, കൂടാതെ പോളിംഗ് ഓഫീസര്‍ നല്‍കിയ രേഖയില്‍ ശകുന്‍ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ പറഞ്ഞിരുന്നു.’
‘ഈ വോട്ടര്‍ കാര്‍ഡില്‍ രണ്ടുതവണ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ പറഞ്ഞു, പോളിംഗ് ബൂത്ത് ഓഫീസറുടെ ടിക്ക് അടയാളമാണ്.’ ‘അന്വേഷണത്തിനിടെ, ശകുന്‍ റാണി പറഞ്ഞത് , നിങ്ങള്‍ ആരോപിക്കുന്നത് പോലെ രണ്ടുതവണയല്ല, ഒരു തവണ മാത്രമേ താന്‍ വോട്ട് ചെയ്തിട്ടുള്ളൂ എന്നാണ്. നിങ്ങള്‍ കാണിച്ച ടിക്ക് ചെയ്ത രേഖ പോളിംഗ് ഓഫീസര്‍ നല്‍കിയതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായി’ എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
‘അതിനാല്‍, ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന് നിങ്ങള്‍ അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു, അതുവഴി ഈ വിഷയം ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ കഴിയും,’ എന്നും നോട്ടീസില്‍ പറയുന്നു.
















