പാലക്കാട് കൽപ്പാത്തിയിൽ കത്തിക്കുത്ത്. പെൺ സുഹൃത്തിനെ ശല്യം ചെയ്തെന്ന് ആരോപിച്ച് ആൺസുഹൃത്തും കൂട്ടുകാരുമാണ് നാലു പേരെ കുത്തി പരുക്കേൽപ്പിച്ചത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 5.30ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിന്റെ മുൻപിൽ വെച്ചായിരുന്നു ആക്രമണം. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന് മുൻപിൽ പൂക്കച്ചവടം ചെയ്തിരുന്ന ഷാജഹാൻ എന്നയാൾ പെൺകുട്ടികളെ നോക്കി കമന്റ് അടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പൂ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്ത് ഷാജഹാനെ കുത്തുകയായിരുന്നു. ഷാജഹാന്റെ വയറിനാണ് കുത്തേറ്റത്. ഇത് കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ഷാജഹാന്റെ സുഹൃത്തുക്കളായ വിഷ്ണു, ഷമീർ, അസീസ് എന്നിവർ ആക്രമണം തടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്കും കുത്തേറ്റത്. വിഷ്ണുവിന്റെ പരുക്ക് ഗുരുതരമാണ്. വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പാലക്കാട് നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത നാല് പേരെ ചോദ്യം ചെയ്ത് വരികയാണ്.
STORY HIGHLIGHT : Four people stabbed in Palakkad four in custody
















