ആരാധകർ ഏറെയുള്ള ഗായികയും അഭിനേത്രിയുമാണ് ശിവാംഗി കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ സംസാര ശൈലി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ഇഷ്ടവാഹനമായ മെഴ്സിഡീസ് ബെൻസിന്റെ ജി എൽ ഇ ഗാരേജിൽ എത്തിച്ചിരിക്കുകയാണ് ശിവാംഗി. വാഹനത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കുകയും ചെയ്തു.
‘എന്റെ ആദ്യ കാർ സ്വന്തമാക്കി, ഇത് അസാധ്യകാര്യമെന്നു ചിന്തിച്ചിരുന്ന ഒരു പതിനഞ്ചുകാരി ഇപ്പോൾ ഏറെ സന്തോഷിക്കുന്നുണ്ടാകും. ഇതിനൊപ്പം നിന്ന മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ദൈവങ്ങൾക്കും നന്ദി. എല്ലാ പ്രോത്സാഹനവും നൽകുന്ന ആരാധകർക്കും നന്ദി. നിങ്ങളില്ലെങ്കിൽ ഞാൻ ഒന്നുമല്ല’. പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ഏറെ വികാരനിർഭരമായ ഒരു കുറിപ്പും അതിനൊപ്പം ചേർത്തിട്ടുണ്ട് ശിവാംഗി.
മെഴ്‌സിഡീസ് ബെൻസിന്റെ എസ് യു വി നിരയിൽ ഉൾപ്പെട്ട ജി എൽ ഇ യ്ക്ക് 300ഡി എഎംജി ലൈന്‍, 450 ഫോര്‍മാറ്റിക്, 450ഡി ഫോര്‍മാറ്റിക് എന്നീ മൂന്ന് വേരിയന്റുകളാണ് ഉള്ളത്. 99 ലക്ഷം രൂപ മുതല്‍ 1.17 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഈ മൂന്ന് വേരിയന്റിൽ നിന്നും ഏത് മോഡലാണ് ശിവാംഗി സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല.300ഡി യിൽ നാലു സിലിണ്ടർ, 2.0 ലീറ്റർ ടർബോ ചാർജ്ഡ് എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 245 പി എസ് പവറും 500 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.2 സെക്കൻഡ് മതിയാകും. ഏറ്റവുമുയർന്ന വേഗം 225 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഈ വാഹനം ലഭ്യമാണ്. പെട്രോള്‍ എന്‍ജിന്‍ 375 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 363 ബിഎച്ച്പി പവറും 750 എന്‍എം ടോർക്കും ഉൽപാദിപ്പിക്കും.നാലു സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതേ വലുപ്പത്തിൽ തന്നെയുള്ള ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും വാഹനത്തിലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽ ഇ ഡി ഹെഡ് ലാമ്പുകൾ, ഹാൻഡ് ഫ്രീ പാർക്കിങ്, മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയ്‌സ് കൺട്രോൾ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഈ എസ്‌യുവിയ്ക്ക് ബെൻസ് നൽകിയിട്ടുണ്ട്.
















