പുറത്തിറങ്ങി ആറുമാസത്തിനുള്ളിൽ 50 ലക്ഷം ഡൗൺലോഡുകൾ കടന്ന് സഞ്ചാർ സാത്തി മൊബൈൽ ആപ്പ്. ഈ വർഷം ജനുവരിയിലാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആപ്പ് പുറത്തിറക്കുന്നത്. ഇതുവഴി നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ 5.35 ലക്ഷത്തിലധികം മൊബൈൽ ഫോണുകള്‍ വീണ്ടെടുക്കാൻ സാധിച്ചു.
ഒരു കോടിയിലധികം അനധികൃത മൊബൈൽ കണക്ഷനുകൾ വിഛേദിക്കാനും 29 ലക്ഷത്തിലധികം മൊബൈൽ നമ്പറുകൾ മരവിപ്പിക്കാനും കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ സഞ്ചാർ സാത്തി പോർട്ടലിൽ 16.7 കോടിയിലധികം പേർ സന്ദർശനം നടത്തി.
ടെലികോം സുരക്ഷ വർധിപ്പിക്കുന്നതിലും പൗരന്മാരെ ശാക്തീകരിക്കുന്നതിലും ആപ്പ് ഉപയോഗിച്ച് ഡിഒടി ഗണ്യമായ സ്വാധീനം ചെലുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭാഷാപരമായ വിപുലീകരണത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി 21 പ്രാദേശിക ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനും ഇതുവഴി സാധിക്കും. ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ കോൾ, എസ്എംഎസ് ലോഗുകളിൽ നിന്ന് നേരിട്ട് റിപ്പോർട്ടുകൾ ഫയൽ ചെയ്യാൻ കഴിയും എന്നും മന്ത്രാലയം പറഞ്ഞു. സാമ്പത്തിക തട്ടിപ്പിന് സാധ്യതയുള്ള മൊബൈൽ നമ്പറുകളെ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്ററും (FRI) നടപ്പിലാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബാങ്കുകൾ, NBFC-കൾ, UPI സേവന ദാതാക്കളെ ഈ സർവീസ് പര്യാപ്‌തമാക്കും. ഇതിൻ്റെ ഫലമായി 34 ധനകാര്യ സ്ഥാപനങ്ങൾ 10.02 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ/ പേയ്‌മെൻ്റ് വാലറ്റുകൾ മരവിപ്പിച്ചതായും, എഫ്‌ആർഐ റേറ്റിങുകളുടെ അടിസ്ഥാനത്തിൽ 3.05 ലക്ഷം അക്കൗണ്ടുകളിൽ ഡെബിറ്റ്/ ക്രെഡിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
2025 ജനുവരി 17നാണ് ഉപയോക്താക്കൾക്ക് നേരിട്ടുള്ളതും സൗകര്യപ്രദവുമായ രീതിയിൽ ടെലികോം സുരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്ന സഞ്ചാർ സാത്തി മൊബൈൽ ആപ്പ് ഡിഒടി അവതരിപ്പിച്ചത്.
ആശയവിനിമയ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുക, സ്വന്തം പേരിലുള്ള മൊബൈൽ കണക്ഷനുകൾ അറിയുക, നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈൽ ഹാൻഡ്‌സെറ്റുകൾ വീണ്ടെടുക്കുക തുടങ്ങിയവയാണ് സഞ്ചാർ സാത്തി ആപ്ലിക്കേഷൻ്റെ പ്രധാന സവിശേഷതകൾ. ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.
















