ധനുഷിന്റെ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് അഭിനയ്. നിരവധി പരസ്യ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ജീവിതം അത്ര സുഖകരമെല്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലാണ് അഭിനയ്. അടുത്തിടെ, നടന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവനം’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു. 44 കാരനായ താരത്തിന്റെ അവസ്ഥ തന്നെ ഇപ്പോൾ അതിദയനീയമാണ്. കഴിഞ്ഞ ദിവസം അഭിനയിനു സഹായങ്ങളുമായി ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് അഭിനയുടെ ചികിത്സയ്ക്കായി ബാല സംഭാവന ചെയ്തത്. ചികിത്സയ്ക്കും മറ്റു ജീവിത ചെലവിനുമായി ആരോരുമില്ലാത്ത അവസ്ഥയിലാണ് അഭിനയ്.

ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനെന്നും നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഒരു വർഷം മുൻപ് നൽകിയൊരു അഭിമുഖത്തിൽ അഭിനയ് പറഞ്ഞിരുന്നു. തന്റെ ജീവിതനാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന നടന്റെ വെളിപ്പെടുത്തൽ വേദനയോടെയാണ് പ്രേക്ഷകർ കേട്ടത്. 2019ൽ കാൻസർ രോഗത്തെ തുടർന്ന് ആണ് രാധാമണി മരണമടയുന്നത്. തമിഴിലായിരുന്നു അഭിനയ് കൂടുതലും അഭിനയിച്ചിരുന്നത്.
സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങി പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ജങ്ഷൻ, സിംഗാര ചെന്നൈ, പോൺ മേഘലൈ എന്നീ സിനിമകളിൽ നായകവേഷത്തിലും താരം അഭിനയിച്ചിരുന്നു. അഭിനയത്തിനു പുറമെ ഡബ്ബിങിലും അഭിനയ് കഴിവു തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്.
















