ബോളിവുഡ് സിനിമാ ലോകത്തെ പ്രമുഖ ഗായകരായ നൂറൻ സിസ്റ്റേഴ്സ് ഇപ്പോഴിതാ ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന സിനിമയുടെ പ്രൊമോ സോങിലൂടെ മലയാളത്തിലേക്ക്. ജ്യോതി നൂറനും സുൽത്താന നൂറനും ഒന്നിക്കുന്ന ഗാനത്തിനായി ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’.
മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ആഗസ്റ്റ് 15-നാണ് കല്യാണിയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങാനിരിക്കുന്നത്. എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അൺപ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ സൂഫി ഗായികമാരായ നൂറൻ സിസ്റ്റേഴ്സ് ഹൈവേ, സിങ് ഈസ് ബ്ലിംങ്, തനു വെഡ്സ് മനു റിട്ടേൺസ്, സുൽത്താൻ, മിർസിയ, ദംഗൽ, ടൈഗർ സിന്ദ ഹേ, ലാൽ സിങ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇവർ ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ ഏറെ പ്രതീക്ഷയിലാണ്.
ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ഉണ്ടായിരിക്കുന്നത്. തീയേറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
















