എന്തിനും ഏതിനും കൂടെയുള്ളവരോട് എപ്പോഴും ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍? എന്ത് കേട്ടാലും ചാടിക്കടിക്കുന്ന സ്വഭാവമുണ്ടോ? ഇതൊരു മോശം സ്വഭാവമാണെന്ന് പലരും തിരിച്ചറിയുന്നില്ല. മാത്രമല്ല ഇടയ്‌ക്കിടെ ദേഷ്യപ്പെടുന്നത് മൂഡി ശരിയല്ലാത്തതുകൊണ്ട് മാത്രമല്ല ജീവിത ശൈലി രോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളതുകൊണ്ടുമാവാം. ഇങ്ങനെ പ്രകടനമാകുന്ന ലക്ഷണങ്ങള്‍ ഒരിക്കലും തള്ളിക്കളയരുത്. കാരണം ഈ ഹൈപ്പര്‍ ടെന്‍ഷന്‍ നിശബ്‌ദ കൊലയാളി കൂടിയാണ്.
ഇടയ്‌ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സമ്മര്‍ദം, അസ്വസ്ഥതയൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമാകാം.നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്‌ട്രെസ് ഹോര്‍മോണുകളെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കാന്‍ കാരണമാകുകയും ചെയ്യും. രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്യും. ഇത് ശീലമാകുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് ക്ഷതങ്ങള്‍ക്ക് സാധ്യതയുണ്ട്. മധ്യവയസ്കരിലാണ് രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍.
ദേഷ്യം എന്നത് ഒരു മാനസികാവസ്ഥ മാത്രമായി കാണരുത്. അവ ശരീരം നല്‍കുന്ന സൂചനകൂടിയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഇടയ്ക്കിടെ ദേഷ്യം ഉണ്ടാകുന്നവരില്‍ രോഗ പ്രതിരോധ ശേഷം കുറവായിരിക്കുമെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. മാനസികമായും ഈ ദേഷ്യം ഒരു വ്യക്തിയെ തളര്‍ത്തിക്കളയും.
ദേഷ്യം നമ്മുടെ മനസിനെ ബാധിക്കുന്ന ക്യാന്‍സര്‍ പോലെയാണ്. നമ്മുടെ നല്ല ചിന്തകളേയും സ്വപ്‌നങ്ങളെയും അത് നശിപ്പിച്ചുകളയും. നമ്മുടെ മനസില്‍ നിന്ന് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റേണ്ട ഒന്നാണ് ഈ ദേഷ്യം.
ഇടയ്‌ക്കിടെ ദേഷ്യം ഉണ്ടാവുകയാണെങ്കില്‍ അവ നിങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പിന്നീട് ജീവിത കാലം മുഴുവന്‍ വിഷാദത്തിന് അടിമപ്പെട്ടേക്കാം. അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്നവരാണെങ്കില്‍ മാനസികമായി ഇവര്‍ ദുര്‍ബലരായിരിക്കും. ഇത്തരക്കാരില്‍ ആത്മഹത്യാപ്രവണത വളരെ കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു.
അമിതമായി ദേഷ്യം വരുന്നതിന് പല കാരണങ്ങളുമുണ്ട്. ആത്മവിശ്വാസമില്ലായ്മ, അപകര്‍ഷതാബോധം, വിഷാദം, നൈരാശ്യം എന്നിവ ഇതില്‍ പെടുന്നതാണ്. ദേഷ്യം വരുമ്പോള്‍ നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് വലിയ പ്രശ്‌നത്തിലേക്ക് വഴിവയ്ക്കും. ദേഷ്യം വരുമെന്ന് തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഒരു പോംവഴി.
ദേഷ്യം വരുമ്പോള്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് പലരുടെയും ശീലമാണ്. അതോടെ ആ ബന്ധത്തിന് ഉലച്ചില്‍ തട്ടും. ഭാര്യ- ഭര്‍തൃ ബന്ധങ്ങളിലും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമൊക്കെയുള്ള സ്നേഹബന്ധത്തിന് കോട്ടം തട്ടാന്‍ സാധ്യതയേറെയാണ്.
ദേഷ്യം വരുമ്പോള്‍ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുന്നവരും മുറിയടച്ച് തനിച്ച് നടക്കുന്നവരും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അവരെ രൂക്ഷമായി നോക്കുന്നവരൊക്കെയുണ്ട്. ഈ പ്രവണതകള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ മനസിനെ പെട്ടെന്ന് ഡൈവേര്‍ട്ട് ചെയ്യേണ്ടതുണ്ട്.
ദേഷ്യം എന്നത് മറ്റുള്ളവര്‍ മാറ്റിതരേണ്ട ഒരു അവസ്ഥയല്ല. പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തണം. അതിനും കഴിഞ്ഞില്ലെങ്കില്‍ വൈദ്യ സഹായം തേടേണ്ടതുണ്ട്.ദേഷ്യത്തിലായിരിക്കുമ്പോള്‍ ഒരിക്കലും കടുത്ത തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. മനസ് ശാന്തമായതിന് ശേഷം മാത്രം ഉചിതമായ തീരുമാനങ്ങളിലേക്ക് പോവുക.യോഗ,ധ്യാനം എന്നിവ പരിശീലിക്കുന്നത് നല്ലതാണ്.മദ്യം- മയക്കുമരുന്ന്ഉപയോഗിക്കുന്നുവെങ്കില്‍ അവ ഒഴിവാക്കാം.
പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ കൊഴുപ്പു കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക. നടത്തം, സൈക്ക്ലിംഗ് പോലുള്ളവ പരിശീലിക്കാം. ഇങ്ങനെ മിതമായ അളവിലെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഇഷ്‌ട വിനോദപരിപാടികളില്‍ ഏര്‍പ്പെടാം.
















