കേരളത്തിലൂടെ കടന്നുപോകുന്ന 451 കിലോമീറ്റർ ദേശീയപാതയിലെങ്ങും ഇനി രാത്രിയിലും പകലുപോലെ വെളിച്ചമുണ്ടാകും. ഇതിനായി 64,000 എൽഇഡി വിളക്കുകളാണ് തലപ്പാടി മുതൽ തിരുവനന്തപുരം വരെ സ്ഥാപിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 451 കാമറകളും ഒരുക്കും.
20 റീച്ചുകളിലായി സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റത്തിലൂടെയാണ് (എടിഎംഎസ്) അപകടങ്ങളും അമിതവേഗവും നിയന്ത്രിക്കുക. 15 വർഷത്തെ പ്രവർത്തന കരാറോടെയാണ് എടിഎംഎസ് പ്രവർത്തിക്കുക. തലപ്പാടി– ചെങ്കള റീച്ചിൽ എടിഎംഎസ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. ഈ കാമറകൾ 24 മണിക്കൂറും എടിഎംഎസ് കൺട്രോൾ റൂമിൻ്റെ ഭാഗമായിരിക്കും.
അപകടമുണ്ടായാൽ തത്സമയം എടിഎംഎസ് കൺട്രോൾ റൂമിൽ അലാം മുഴങ്ങുകയും സ്ക്രീനിൽ ദൃശ്യങ്ങൾ തെളിയുകയും ചെയ്യും. ഉടൻ തന്നെ 1033 ടോൾഫ്രീ ആംബുലൻസ് സംഭവസ്ഥലത്തേക്കെത്തും. മെയിന്റനൻസ് കൺട്രോൾ റൂമിൽനിന്ന് ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രങ്ങളും സ്ഥലത്തെത്തും. എല്ലാ റീച്ചുകളിലും 24 മണിക്കൂർ പട്രോളിങ്ങും ഉണ്ടാകും. ഗതാഗതം വഴിതിരിച്ചുവിടേണ്ട അടിയന്തര ഘട്ടങ്ങളിൽ ഡിജിറ്റൽ മുന്നറിയിപ്പ് ബോർഡുകൾ തെളിയും. വാഹനങ്ങൾ വേഗപരിധി കടന്നാലോ, വൺവേ തെറ്റിച്ചാലോ നമ്പർ പ്ലേറ്റ് സഹിതമുള്ള ദൃശ്യം കൺട്രോൾ റൂമിലെ സ്ക്രീനിൽ ലഭിക്കും.
എടിഎംഎസ് സാങ്കേതികവിദ്യ വഴി കാറ്റിന്റെ വേഗത, താപനില, മഴയുടെ ശക്തി തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തും. അമിതവേഗവും തെറ്റായ ദിശയിൽ വാഹനമോടിക്കുന്നതും മുതൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ഉൾപ്പെടെ എടിഎംഎസ് കണ്ടെത്തും. അപകടമുണ്ടായാൽ ഉടൻ വിവരമെത്തുന്നതിനാൽ ആംബുലൻസിനും നിമിഷങ്ങൾക്കകം ആശുപത്രിയിലെത്തിക്കാനാകും. ഇതുവഴി അപകട സാഹചര്യങ്ങൾ ലഘൂകരിക്കാനും ചോരവാർന്ന് കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും സാധിക്കും.
ദേശീയപാതയിൽ ഓരോ 38-42 മീറ്റർ ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള തൂണുകളിൽ 40 ലക്സ് പ്രകാശതീവ്രതയുള്ള 180-250 വാട്ട്സ് ബൾബുകളാണ് ഉപയോഗിക്കുക. ഓരോ തൂണിലും രണ്ട് ബൾബുകൾ വീതം പ്രകാശിക്കും. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ലൈറ്റുകൾ പ്രകാശിക്കാൻ ടൈമർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്ററിൽ ചുരുങ്ങിയത് 100 വിളക്കുകൾ ഉണ്ടാകും.
അടിപ്പാതകളിലെ വെളിച്ചത്തിന് പുറമെയാണിത്. ഒരു തൂണിന്റെ ഉയരം റോഡിൽനിന്ന് 10 മീറ്ററാണ്. ഒരു കിലോമീറ്ററിലെ ബൾബുകൾ പ്രകാശിക്കാൻ ശരാശരി 30 കിലോവാട്ട് വരെ വൈദ്യുതി ആവശ്യമുണ്ട്. കേരളത്തിലെ ദേശീയപാതയിലെ വിളക്കുകൾ മുഴുവൻ പ്രകാശിക്കാൻ 16,700 കിലോവാട്ട് (16.70 മെഗാവാട്ട്) വേണം. ഓരോ റീച്ചിലും വിളക്കുകൾക്ക് കെഎസ്ഇബിയാണ് വൈദ്യുതി നൽകുന്നത്. ദേശീയപാത അതോറിറ്റിയുടെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്.
















