ഓൺലൈൻ മദ്യ വിൽപന സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി എം ബി രാജേഷ്. സർക്കാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും നിലപാട് മദ്യനയം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥയും അതിന് മുകളിലല്ലെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും എത്തിയത്.
ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ചർച്ച തുടരട്ടെയെന്നും ഇന്നല്ലെങ്കിൽ നാളെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു. സർക്കാർ അംഗീകരിച്ചാൽ നന്നായിരുന്നുവെന്നും കസ്റ്റമർക്ക് സംതൃപ്തി ഉണ്ടാകുന്നതാണ് പ്രൊപ്പോസലെന്നും ഹർഷി അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു. വീട് ബാറാക്കി മാറ്റുമെന്ന വിമർശനം ശരിയല്ല. 23 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ആപ്പ് വഴി മദ്യം നൽകൂ. കേരളത്തിൽ ആവശ്യത്തിന് ഷോപ്പുകൾ ഇല്ല. ഷോപ്പുകളിൽ നിന്നും വാങ്ങുന്നവരും വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നതെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു.
ബെവ്കോയുടെ പ്രൊപ്പോസൽ സർക്കാർ പൂർണമായി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. എന്നാൽ ബെവ്‌കോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ ചർച്ച ചെയ്യും.സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ആപ്ലിക്കേഷനിൽ പണം നൽകി ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്‌കോ ആലോചന. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാർകോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയുന്ന രീതിയായിരിക്കും ആദ്യം പരീക്ഷിക്കുക.
STORY HIGHLIGHT : mb-rajesh-responds-to-bevco-harshita-attaluri
















