ഒരു സൂപ്പർഫുഡ് ടോണിക്ക് ആണ് ബീറ്റ്റൂട്ട് ജ്യൂസ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഈ പച്ചക്കറിയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ബീറ്റാലൈൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് നല്ലതാണ്.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസിനു കഴിവുണ്ട്. എന്നാൽ ദിവസവും രാവിലെ വെറുംവയറ്റിൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും.
ദഹനക്കേട്
ബീറ്റ്റൂട്ട് ജ്യൂസ് വെറുംവയറ്റിൽ കുടിക്കുന്നത് ദഹനക്കേട്, വായുകോപം, വയറു കമ്പിക്കൽ (Bloating) എന്നിവയ്ക്കു കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നവര്‍ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുകയും പെട്ടെന്ന് ബ്ലഡ് ഷുഗർ കുറയാനിടയാക്കുകയും ചെയ്യും.
വൃക്കയിൽ കല്ല്
ദിവസവും വെറുംവയറ്റിൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിച്ചാൽ വൃക്കകളിൽ ചെറിയ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. ബീറ്റ്റൂട്ടിൽ ഓക്സിലേറ്റ് അടങ്ങിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മൂത്രത്തിന് നിറം മാറ്റം
ഇത് ഗുരുതരമായ ആരോഗ്യാവസ്ഥയൊന്നുമല്ലെങ്കിലും പരിശോധിക്കാതിരുന്നാൽ ഗുരുതരപ്രശ്നങ്ങളിലേക്കു നയിക്കും. ദിവസവും വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ അത് മൂത്രത്തിന്റെയും മലത്തിന്റെയും നിറം മാറ്റത്തിന് കാരണമാകും. ബീറ്റ്യൂറിയ എന്നാണ് ഇതിനു പേര്.
അധികമായി രക്തസമ്മർദം കുറയും
വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദം പെട്ടെന്ന് കുറയാൻ കാരണമാകും. അതുകൊണ്ട് തന്നെ ലോ ബിപി ഉള്ളവർ രാവിലെ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം.
അലർജി
അലർജി പ്രശ്നങ്ങൾ ഉള്ളവർ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കാം. ചർമത്തിൽ പാടുകൾ, മുഖത്തും ചുണ്ടുകളിലും വീക്കം, ശ്വസിക്കാൻ പ്രയാസം തുടങ്ങിയവ ഉണ്ടാകാം.
കരളിനു ദോഷം
ബീറ്റ്റൂട്ടിൽ ധാരാളമായി അയൺ, കോപ്പർ, മറ്റ് ഹെവിമെറ്റലുകൾ ഇവയുണ്ട്. അതുകൊണ്ട് കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വെറുംവയറ്റിൽ ബീറ്റ്റൂട്ട്കഴിക്കുന്നത് ഒഴിവാക്കണം.
















