ഈ വരുന്ന ഒക്‌ടോബറിൽ ഇന്ത്യയൊട്ടാകെ കറങ്ങാനും ദസറ, ദീപാവലി, ഛാത്ത് പൂജ തുടങ്ങിയ ഉത്സവകാലം ആഘോഷിക്കാനും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഇന്ത്യയുടെ വ്യത്യസ്‌തങ്ങളായ സംസ്‌കാരത്തെയും ആചാരങ്ങളെയും നേരിൽ കണ്ടറിയാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള സുവർണാവസരമാണ് ഓഗസ്റ്റ് 14 മുതൽ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നത്. യാത്രക്കാർക്ക് മടക്കയാത്രയുടെ അടിസ്ഥാന നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കുന്ന ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ പദ്ധതിയാണ് റെയിൽവേ അവതരിപ്പിച്ചിട്ടുള്ളത്.
ഉത്സവ സീസണിൽ നിർദിഷ്‌ട പദ്ധതിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മടക്കയാത്ര ഉള്‍പ്പെടെ റൗണ്ട് പാക്കേജ് ആയാണ് ബുക്കിങ് ഓഫർ ലഭ്യമാവുക. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് നിരക്കില്‍ 20% കിഴിവ് ലഭിക്കും.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ ബുക്കിങ് വെബ്‌സൈറ്റിൽ ‘കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍’ എന്ന ഓപ്‌ഷനിലൂടെ ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2025 നവംബര്‍ 17നും 2025 ഡിസംബര്‍ ഒന്നിനും ഇടയില്‍ മടക്ക യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റില്‍ ഇളവ് ലഭിക്കുക. റൗണ്ട് ട്രിപ്പ് പാക്കേജിൻ്റെ ആദ്യയാത്ര ഒക്ടോബര്‍ 13ന് ആരംഭിക്കും.
2025 ഒക്ടോബര്‍ 13നും 2025 ഒക്ടോബര്‍ 26നും ഇടയിലുള്ള യാത്രാ കാലയളവിലേക്കുള്ള ബുക്കിങ് ആണ് ആദ്യം ആരംഭിക്കുക എന്നും റെയിൽവെ അറിയിച്ചു. യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യേണ്ടതാണ്. തിരികെയുള്ള ടിക്കറ്റ് ഉള്‍പ്പെടെ രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്‌താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു.
ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി (അഡ്വാൻസ് റിസർവേഷൻ കാലയളവ്) നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും. കേരളത്തിൽ നിന്ന് ഇന്ത്യ മുഴുവൻ കറങ്ങാനും വ്യത്യസ്‌തങ്ങളായ ഇന്ത്യയുടെ ആഘോഷങ്ങളിൽ പങ്കുചേരാനും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുമെല്ലാം മികച്ച അവസരമാണിത്.
















