കൊച്ചി: ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സജിയുടെ രാജി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഇരിക്കെയാണ് അദ്ദേഹം രാജിവെച്ചത്.
താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ വ്യാജ പരാതി നൽകിയെന്ന് സജി ആരോപിച്ചു. തനിക്കെതിരെ ഗൂഡ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താൻ പിന്തുണച്ചതും എതിർപ്പിന് കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു.
നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. തുടർന്ന് സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു.
















