ചരിത്രത്തിലെ ഏറ്റവും ഭാഗ്യമുള്ള തലമുറ (ജെന്‍ Z) 1997-നും 2012-നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കുമെന്ന് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലികള്‍ ഇല്ലാതാക്കുമെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ഓപ്പണ്‍ എഐ സിഇഒ ഇക്കാര്യം പറഞ്ഞത്.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് അവരെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാക്കുന്നതെന്നും ‘ഹ്യൂജ് ഇഫ് ട്രൂ’ എന്ന പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ‘ചില ജോലികള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന’ ഭാവിയെക്കുറിച്ച് സൂചന നല്‍കുന്നതിനിടയിലാണ് ഈ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.എഐ തൊഴില്‍ നഷ്ടത്തിന് കാരണമാകുമോ എന്ന ചോദ്യത്തിന് അതൊരു ചാക്രികമായ പ്രക്രിയയാണെന്ന് മറുപടി നല്‍കി ആള്‍ട്ട്മാന്‍ അത് നിസാരമായി തള്ളിക്കളഞ്ഞു. അത്തരം കാര്യങ്ങള്‍ എപ്പോഴും സംഭവിക്കുന്നതാണ്. യുവജനങ്ങള്‍ അത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മിടുക്കരാണ്.
എനിക്ക് ആശങ്ക 22-കാരെക്കുറിച്ചല്ല, മറിച്ച് പുതുതായി പരിശീലനം നേടാനോ പുതിയ കഴിവുകള്‍ ആര്‍ജിക്കാനോ ആഗ്രഹിക്കാത്ത 62-കാരെക്കുറിച്ചാണ്.’- അദ്ദേഹം പറഞ്ഞു. എഐ യുഗം യുവാക്കളെ ശാക്തീകരിക്കും. അവരുടെ സ്വപ്‌നങ്ങള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും. യുവജനങ്ങള്‍ അതിനോട് പൊരുത്തപ്പെടുമെന്നും ആള്‍ട്ട്മാന്‍ നിര്‍ദേശിച്ചു.
ആള്‍ട്ട്മാന്‍ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുമ്പോള്‍തന്നെ ഗൂഗിളിന്റെ മുന്‍ ഉന്നത എക്‌സിക്യൂട്ടീവ് അടുത്തിടെ നടത്തിയ പരാമര്‍ശവും വന്‍തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. സാങ്കേതികവിദ്യ ജോലികള്‍ കവര്‍ന്നെടുക്കുകയും മധ്യവര്‍ഗത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ എഐ സമൂഹത്തെ തകിടം മറിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എഐ വൈറ്റ് കോളര്‍ ജോലികള്‍ ഇല്ലാതാക്കുന്നതോടെ 2027-ല്‍ തന്നെ ‘നരകം’ ആരംഭിക്കുമെന്നാണ് 2018-ല്‍ ഗൂഗിള്‍ എക്സിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ സ്ഥാനം ഒഴിഞ്ഞ മോ ഗൗദത്ത് പറയുന്നത്. ‘സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരും സിഇഒമാരും പോഡ്കാസ്റ്റര്‍മാരും ഉള്‍പ്പെടെ ആരെയും ഇത് വെറുതെ വിടില്ല. സ്വര്‍ഗത്തിലെത്തുന്നതിന് മുമ്പുള്ള അടുത്ത 15 വര്‍ഷം നരകമായിരിക്കും. ഉപജീവനമാര്‍ഗവും ജീവിത ലക്ഷ്യവും നഷ്ടപ്പെടുന്നതുമായി ആളുകള്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോള്‍ എഐ ‘സാമൂഹിക അശാന്തി’ക്ക് കാരണമാകും.
നിങ്ങള്‍ ഏറ്റവും മികച്ചവര്‍ ഉള്‍പ്പെടുന്ന 0.1 ശതമാനം വരുന്ന വിഭാഗത്തില്‍ ഇല്ലെങ്കില്‍ നിങ്ങളൊരു സാധാരണക്കാരനാണ്. മധ്യവര്‍ഗം എന്നൊന്ന് ഉണ്ടാകില്ല. എജിഐ (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) എല്ലാ കാര്യങ്ങളിലും മനുഷ്യരെക്കാള്‍ മികച്ചതായിത്തീരും, ഒരു സിഇഒ ആകുന്നതിലുള്‍പ്പെടെ. എഐ തങ്ങളെയും മാറ്റിസ്ഥാപിക്കും എന്ന കാര്യം അവര്‍ ചിന്തിക്കുന്നില്ല – അദ്ദേഹം പറഞ്ഞു. ‘എഐയുടെ തലതൊട്ടപ്പന്‍’ എന്ന് പലരും വിശേഷിപ്പിക്കുന്ന ജെഫ്രി ഹിന്റണ്‍, ഈ സാങ്കേതികവിദ്യ താമസിയാതെ അതിന്റേതായ ഭാഷ വികസിപ്പിച്ചേക്കുമെന്നും, ഇത് യന്ത്രങ്ങളെ നിയന്ത്രിക്കുന്നത് മനുഷ്യര്‍ക്ക് അസാധ്യമാക്കുമെന്നും മുമ്പ് പ്രസ്താവിച്ചിരുന്നു.
















