കലബ്രിയ: ബ്രൊക്കോളിയും സാൻഡ്വിച്ചും കഴിച്ച ഇറ്റാലിയൻ സംഗീതജ്ഞൻ മരിച്ചു. ലുയിഗി ഡി സർനോ (52) ആണ് മരിച്ചത്. കലബ്രിയയിലെ ഡയമാന്റെയിലെ തെരുവോര കച്ചവടക്കാരനിൽ നിന്ന് ബ്രൊക്കോളിയും സോസേജ് സാൻഡ്വിച്ചും കഴിച്ച ഒൻപത് പേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്തെ കടകളിൽ നിന്ന് അധികൃതർ ബ്രൊക്കോളി തിരികെ വിളിച്ചിട്ടുണ്ട്. ബ്രൊക്കോളിയും സോസേജ് സാൻഡ്വിച്ചും കഴിച്ചയുടനെ ലുയിഗി ഡി സർനോ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ കൗമാരക്കാരും ലുയിഗിയുടെ കുടുംബാംഗങ്ങളുമുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡയമാന്റെ മേയർ അറിയിച്ചു. ഭക്ഷ്യവിഷബാധ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
















