മുൻ കരട് പിൻവലിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ, 2025 ലെ ആദായനികുതി ബില്ലിന്റെ പുതുക്കിയ പതിപ്പ് ലോക്‌സഭ പാസാക്കിയിരിക്കുകയാണ്. ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതുക്കിയ ബിൽ, സെലക്ട് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾക്കൊള്ളുന്നുണ്ട്, ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് ഇത് അവതരിപ്പിക്കുക.
ഇന്ത്യയുടെ നേരിട്ടുള്ള നികുതി നിയമത്തിലെ അറുപത് വർഷത്തിലേറെക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരത്തിന്റെ ഭാഗമായി ഈ വർഷം ഫെബ്രുവരിയിൽ ആദായനികുതി ബില്ലിന്റെ ആദ്യ കരട് അവതരിപ്പിച്ചത്. എന്നിരുന്നാലും, ചില തിരുത്തലുകളും ക്രമീകരണങ്ങളും വരുത്തുന്നതിനായി കഴിഞ്ഞ ആഴ്ച സർക്കാർ അത് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ധനമന്ത്രി, ഭാഷ പരിഷ്കരിക്കുക, ശൈലികൾ വിന്യസിക്കുക, തത്ഫലമായ മാറ്റങ്ങൾ വരുത്തുക, ക്രോസ്-റഫറൻസിംഗ് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ബില്ല് പുതുക്കിയത്. നിയമനിർമ്മാതാക്കൾക്ക് പ്രവർത്തിക്കാനും ആശയക്കുഴപ്പം തടയാനും വ്യക്തമായ ഒരു പതിപ്പ് നൽകുക എന്നതാണ് പുതുക്കിയ കരടിന്റെ ഉദ്ദേശ്യമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സങ്കീർണതകൾ ഒഴിവാക്കാൻ സെലക്ട് കമ്മിറ്റി പല നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. നികുതി ദായകർക്ക് മുൻവർഷത്തെ നഷ്ടം പിന്നീടുള്ള വർഷങ്ങളിൽ തട്ടിക്കിഴിക്കാനുള്ള അവസരം നൽകണമെന്ന് നിർദ്ദേശമുണ്ട്. ഇത് നികുതി ബാധ്യത കുറയ്ക്കാൻ സഹായകമാകും.
മനഃപൂർവമല്ലാത്ത പിഴവുകൾക്ക് ശിക്ഷ ഒഴിവാക്കി നൽകുക. NIL-TDS സർട്ടിഫിക്കറ്റ് കാലതാമസമില്ലാതെ നൽകുക. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലവിളംബം വന്നാലും റീഫണ്ട് അനുവദിക്കുക, ഇന്റർ കോർപറേറ്റ് ഡിവിഡന്റ് ഡിഡക്ഷൻ വീണ്ടും അവതരിപ്പിക്കുക എന്നിങ്ങനെ സുപ്രധാന നിർദ്ദേശങ്ങൾ പുതിയ ബില്ലിലുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന പ്രോപർട്ടികളിൽ വാടക എന്ന നിർവചനത്തിന് വ്യക്തത നൽകുക, ഹൗസ് പ്രോപർട്ടി വരുമാനത്തിൽ മറ്റ് ഡിഡക്ഷനുകൾക്ക് ശേഷം 30% സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഏർപ്പെടുത്തുക, ഒരു ഫണ്ടിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന നോൺ-എംപ്ലോയീസിന് കമ്മ്യൂട്ടഡ് പെൻഷൻ അവതരിപ്പിക്കുക, താൽക്കാലികമായി നികുതി ബാധ്യത നീങ്ങിക്കിട്ടാൻ ഉയോഗിക്കാത്ത ബിസിനസ് പ്രോപർട്ടിയുടെ നിർവചനം പുതുക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സെലക്ട് കമ്മിറ്റി സമർപ്പിച്ചിരുന്നു.
ഇന്ത്യയുടെ ടാക്സ് കോഡിൽ നിർണായകമായ മാറ്റങ്ങളാണ് പുതിയ ടാക്സ് ബിൽ നിർദ്ദേശിക്കുന്നത്. നികുതി സംബന്ധമായി ഭാഷ ലളിതമാക്കുക, ഡിഡക്ഷനുകൾ കൺസോളിഡേറ്റ് ചെയ്യുക, നികുതി റിട്ടേൺ സുഗമമാക്കുക. ചില തെറ്റുകളുടെ പിഴശിക്ഷ കുറച്ച് നികുതി സംവിധാനത്തെ സൗഹാർദപരമാക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
ഇപ്പോഴത്തെ നികുതി നിയമത്തിൽ ‘കഴിഞ്ഞ വർഷം’, ‘അസസ്മെന്റ് വർഷം’ എന്നിങ്ങനെ രണ്ട് രീതികളുണ്ട്. പുതിയ നിയമത്തിൽ ഇത് ഏകീകരിച്ച് ‘ടാക്സ് ഇയർ’ എന്നാക്കി മാറ്റും. അതേ സമയം ടാക്സ് സ്ലാബ്, മൂലധന നേട്ടം സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾ, വരുമാന വിഭാഗം തുടങ്ങിയ കാര്യങ്ങൾ മാറ്റമില്ലാതെ നില നിർത്തണമെന്നും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
















