കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ പ്രമോദിനായുള്ള തിരച്ചിൽ തുടരുന്നു. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്.
ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പുലർച്ചെ അഞ്ചുമണിയോടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ച ശേഷമാണ് പ്രമോദ് വീട്ടിൽ നിന്നിറങ്ങിയത്. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത്. കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആകുമ്പോഴും പ്രമോദിനെ കണ്ടെത്താനായിട്ടില്ല. പൊലീസ് തെരച്ചിൽ തുടരുകയാണ്.
















