കണ്ണൂർ: ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമർശത്തിൽ എം.വി ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം വി ഗോവിന്ദൻ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയെന്ന് വിമർശനം. എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യമാണ്. കന്യാസ്ത്രീ വിഷയത്തിൽ സഭ കേന്ദ്ര സർക്കാറിനോട് നന്ദി പറഞ്ഞത് നിലപാട് മാറ്റമല്ലെന്ന് അതിരൂപത.
എകെജി സെൻററിൽനിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂ എന്ന സമീപനം ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഫാസിസത്തിൻറെ മറ്റൊരു മുഖമാണിത്. അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാർട്ടി സെക്രട്ടറിയെന്നും സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം.വി ഗോവിന്ദൻ ഉപയോഗിക്കരുതെന്നും തലശ്ശേരി അതിരൂപയുടെ വിമർശനം. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ച്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിനില്ലെന്നും വിമർശനം.
ന്യൂനപക്ഷങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിർത്തിട്ടുള്ള വ്യക്തിയാണ് മാർ ജോസഫ് പാംപ്ലാനി പിതാവ്. സിപിഐഎം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി.
മാർ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നും, ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതിയും. അച്ചന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
















